നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തനം’: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും മുൻകൂർ ജാമ്യം

ആലപ്പുഴ: നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് – കെ.എസ്.യു നേതാക്കളെ തല്ലിച്ചതച്ച കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ നരഹത്യാശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തപ്പെട്ട ആംഡ് ബറ്റാലിയൻ ഇൻസ്പെക്ടർ അനിൽ കുമാർ, സി.പി.ഒമാരായ സന്ദീപ്, അരുൺ, ഷൈജു, വിപിൻ എന്നീ അഞ്ച് പ്രതികൾക്കാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത്. മൂന്ന് ദിവസങ്ങളിലായി പ്രതിഭാഗം, പ്രോസിക്യൂഷൻ, പരാതിക്കാർ എന്നിവരുടെ വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് വിധി പ്രസ്താവിച്ചത്.

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച എ.ഡി. തോമസ് എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നവർ വാഹനത്തിൽ നിന്നിറങ്ങി ക്രൂരമായി മർദ്ദിച്ചെന്നാണ് കേസ്. ഈ സംഭവത്തെ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചു കൊണ്ട് അന്നത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത് വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രതികൾക്കെതിരെ നിലവിൽ നരഹത്യാശ്രമം (വകുപ്പ് 308) ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ട് പ്രത്യേക അന്വേഷണ സംഘം രണ്ട് റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.

നേരത്തെ തെളിവുകൾ ലഭ്യമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ആദ്യ അന്വേഷണസംഘം കേസ് അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ മർദ്ദനമേറ്റവർ നിയമപോരാട്ടവുമായി മുന്നോട്ട് പോകുകയും കോടതി പുനരന്വേഷണത്തിന് അനുമതി നൽകുകയുമായിരുന്നു. തുടർന്ന് സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരമേറ്റ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. ഈ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്. കൂടാതെ, ഈ കേസിലെ മുൻ അന്വേഷണ രേഖകൾ തിരുത്തിയതുമായി ബന്ധപ്പെട്ട് അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനും അദ്ദേഹത്തിന്റെ ഓഫീസിനും ഉള്ള പങ്കിനെക്കുറിച്ചും പ്രത്യേക അന്വേഷണ സംഘം നിലവിൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

- Advertisement -spot_img

Latest Articles