ജിദ്ദ, പ്രവാസി സമൂഹത്തിന്റെ വായനാസംസ്കാരവും അവർ അഭിമുഖീകരിക്കുന്ന സമകാലിക വെല്ലുവിളികളും ചർച്ച ചെയ്ത് കലാലയം സാംസ്കാരിക വേദി ജിദ്ദ സിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിചാരസദസ്സ് ശ്രദ്ധേയമായി. പ്രവാസി രിസാല മാസികയുടെ ‘അതിജീവനത്തിന്റെ അക്ഷര ഭൂപടം’ ക്യാമ്പയിനിന്റെ ഭാഗമായി നടന്ന പരിപാടി വിവിധ സാംസ്കാരിക സാമൂഹിക മേഖലകളിലെ പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സിറ്റി ചെയർമാൻ ഖാജ സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങ് ആർ എസ് സി സൗദി വെസ്റ്റ് നാഷനൽ എക്സിക്യൂട്ടീവ് അംഗം ഡോ. ഇജാസ് അഹ്മദ് ഉദ്ഘാടനം നിർവഹിച്ചു.
പ്രവാസികൾക്കിടയിൽ വായനയും ചിന്തയും വളർത്തുന്നതിൽ രിസാല മാസിക വഹിക്കുന്ന പങ്ക് ചർച്ചയിൽ വിലയിരുത്തി. പ്രവാസികളുടെ ജീവിതാനുഭവങ്ങൾ, പ്രശ്നങ്ങൾ, പുതിയ സാധ്യതകൾ എന്നിവ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ രിസാല നിർവഹിക്കുന്ന സാംസ്കാരിക ദൗത്യവും, സമൂഹത്തിലെ ബൗദ്ധിക ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിന് ഇത്തരം ക്യാമ്പയിനുകൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു.
ആർ എസ് സി സൗദി വെസ്റ്റ് നാഷനൽ മീഡിയ സെക്രട്ടറി സുഹൈൽ വേങ്ങര ക്യാമ്പയിൻ പ്രമേയം അവതരിപ്പിച്ചു. കലാലയം സെക്രട്ടറി സദകത്തുള്ള ചർച്ചകൾക്ക് നേതൃത്വം നൽകി.ഒ.ഐ.സി.സി പ്രതിനിധി ആസാദ് പോരൂർ, നവോദയ പ്രതിനിധി ഫൈസൽ കോടശ്ശേരി, ഐ.സി.എഫ് പ്രതിനിധി സാദിഖ് ചാലിയാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആർ എസ് സി ജിദ്ദ സിറ്റി സോൺ സെക്രട്ടറി സൽമാനുൽ ഫാരിസി സ്വാഗതവും ഇർഫാദ് വിളത്തൂർ നന്ദിയും പറഞ്ഞു.



