ടെഹ്റാൻ: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരെ പുതിയ വ്യോമാക്രമണ പരമ്പര ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അഞ്ച് ഇറാനിയൻ നഗരങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. ഇറാന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ പ്രധാന ഹബ്ബായ തബ്രിസ്, രണ്ട് തന്ത്രപ്രധാന തുറമുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലാണ് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു. തബ്രിസിന് പുറമെ തെക്കുകിഴക്കൻ തീരദേശ നഗരങ്ങളായ ചബഹാർ, കൊനാരക്, തെക്കുപടിഞ്ഞാറൻ മേഖലയിലെ പ്രധാന ഊർജ്ജ ഉൽപ്പാദന കേന്ദ്രങ്ങളായ ബന്ദർ മഹ്ഷഹർ, ബന്ദർ ഇമാം ഖൊമേനി, എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് പ്രാദേശിക മാധ്യമപ്രവർത്തകരും ദൃക്‌സാക്ഷികളും സ്ഥിരീകരിച്ചു.
തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിന് ഇറാനിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാനിയൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ പുതിയ ഘട്ട ആക്രമണങ്ങൾ ആരംഭിച്ചതായി സെൻട്രൽ കമാൻഡ് പ്രഖ്യാപിച്ച് മിനിറ്റുകൾക്കകമാണ് വിവിധ നഗരങ്ങളിൽ സ്ഫോടന പരമ്പരകൾ ഉണ്ടായത്. പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സൈനിക സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് ഇറാന്റെ പ്രധാന ഊർജ്ജ, തീരദേശ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ ഈ പുതിയ മിന്നലാക്രമണം.



