ടെഹ്റാൻ: ഇറാന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ പ്രമുഖ നഗരമായ തബ്രിസിൽ അമേരിക്ക നടത്തിയ മിന്നലാക്രമണത്തിൽ മുതിർന്ന ഇറാനിയൻ സൈനിക ഓഫീസർ കൊല്ലപ്പെട്ടു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാഴ്സ്’ ആണ് സൈനികന്റെ മരണവിവരം പുറത്തുവിട്ടത്. മഹദാദ് പഷായി എന്ന ഉയർന്ന സൈനിക ഉദ്യോഗസ്ഥനാണ് തിങ്കളാഴ്ച നഗരത്തിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്.
മേഖലയിൽ യുഎസ്-ഇറാൻ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ തന്ത്രപ്രധാന സൈനിക ലക്ഷ്യസ്ഥാനങ്ങളെ ഉന്നമിട്ട് അമേരിക്ക ആക്രമണം കടുപ്പിച്ചത്. തബ്രിസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ യുഎസ് സെൻട്രൽ കമാൻഡ് ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന ആക്രമണത്തിലാണ് ഉയർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതെന്നും, വരും ദിവസങ്ങളിൽ പ്രതിരോധം കൂടുതൽ ശക്തമാക്കുമെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



