പാളയം ബിജു കൊലപാതകം: 22കാരനായ ബന്ധു പൊലീസ് കസ്റ്റഡിയിൽ; ശരീരത്തിൽ 45 മുറിവുകൾ

കോഴിക്കോട്: പാളയം സ്വദേശി ബിജുവിന്റെ അതിക്രൂരമായ കൊലപാതകത്തിൽ 22 വയസ്സുകാരനായ ബന്ധുവിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിപരമായ മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള യുവാവിനെ പൊലീസ് സവിസ്തരം ചോദ്യം ചെയ്തു വരികയാണ്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പാളയത്തെ ഒറ്റമുറി വീട്ടിലാണ് ബിജുവിനെ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചതായി കണ്ടെത്തിയത്. ബിജുവിന്റെ മാതാവാണ് മൃതദേഹം ആദ്യം കണ്ടതും പ്രദേശവാസികളെയും ബന്ധുക്കളെയും വിവരമറിയിച്ചതും.

പൊലീസ് നടത്തിയ ഇൻക്വസ്റ്റ് നടപടികളിലും തുടർന്നുള്ള പോസ്റ്റ്‌മോർട്ടത്തിലുമാണ് കൊലപാതകത്തിന്റെ ഭീകരത വ്യക്തമായത്. ബിജുവിന്റെ ശരീരത്തിൽ ആകെ 45 മുറിവുകളുണ്ടായിരുന്നു. അതിൽ തന്നെ കഴുത്തിന്റെ മുൻവശത്തും പിൻഭാഗത്തുമായി 18 ഓളം കഠിനമായ കുത്തേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഒരു കറിക്കത്തി ഉപയോഗിച്ചാവാം കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. പ്രദേശത്ത് സജീവമായിരുന്ന ലഹരി സംഘങ്ങളെ ബിജു ചോദ്യം ചെയ്തിരുന്നെന്നും, ഈ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് കുടുംബം തുടക്കത്തിൽ ആരോപിച്ചിരുന്നത്. ലഹരി സംഘങ്ങളുടെ പങ്കിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles