ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും രാത്രിയോടെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇവർക്കൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന മറ്റു പ്രമുഖ കോൺഗ്രസ് നേതാക്കളെയും പൊലീസ് സ്വതന്ത്രരാക്കിയിട്ടുണ്ട്. കരുതൽ തടങ്കലിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധിയെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലും രാഹുൽ ഗാന്ധിയെ ഛത്രസാൽ സ്റ്റേഡിയത്തിലുമാണ് പാർപ്പിച്ചിരുന്നത്. ഇതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മന്ദിർ മാർഗ് സ്റ്റേഷനിലെത്തി പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സമയത്തും വൻതോതിൽ കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധമുയർത്തി. സോണിയ ഗാന്ധി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പ്രിയങ്കയെ വിട്ടയക്കാൻ അധികൃതർ തയ്യാറായത്. വരും ദിവസങ്ങളിലും പ്രതിഷേധം കൂടുതൽ ശക്തമായി തുടരുമെന്നും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും മോചനത്തിന് ശേഷം രാഹുൽ ഗാന്ധി വ്യക്തമാക്കി.
നേരത്തെ, പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ കൈകൾ കൂട്ടിക്കെട്ടി പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ വൻ പൊലീസ് സന്നാഹം ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ബലാബലത്തിനിടെ രാഹുൽ ഗാന്ധിയുടെ മുഖത്ത് മുറിവേൽക്കുകയും ചെയ്തിരുന്നു. വനിതാ പൊലീസിന് പകരം പുരുഷ പൊലീസ് പ്രിയങ്ക ഗാന്ധിയെ വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയതെന്ന് ആരോപണമുണ്ട്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരളത്തിൽ നിന്നുള്ള മുഴുവൻ എം.പിമാരും, ഡൽഹി സന്ദർശനത്തിനെത്തിയ കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.കെ. ശിവകുമാർ എന്നിവരുൾപ്പെടെ പ്രമുഖ നിര തന്നെയുണ്ടായിരുന്ന പ്രതിഷേധമാണ് വലിയ പോലീസ്‌രാജിന് വഴിവെച്ചത്.



