വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാന് നേരെ തുടർച്ചയായ പതിനൊന്നാം രാത്രിയിലും യു.എസ് സേന അതിശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടു. കിഴക്കൻ സമയം വൈകുന്നേരം ഏഴ് മണിയോടെ (ജി.എം.ടി 23:00) ഇറാന്റെ തന്ത്രപ്രധാനമായ സൈനിക ലക്ഷ്യസ്ഥാനങ്ങളെ ആക്രമിച്ചു തുടങ്ങിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ സൈനിക ശേഷിയെ ഘട്ടംഘട്ടമായി തകർക്കുകയാണ് ഈ ബഹുമുഖ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് യു.എസ് സൈന്യം വ്യക്തമാക്കി.
ഇറാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൂസെസ്താനിലെ ബെഹ്ബഹാൻ, ഉമീദിയെ എന്നീ നഗരങ്ങൾക്ക് സമീപമുള്ള മേഖലകളിലാണ് യു.എസ് മിസൈലുകൾ പതിച്ചതെന്ന് പ്രവിശ്യാ ഡെപ്യൂട്ടി ഗവർണറെ ഉദ്ധരിച്ച് ‘ഫാർസ്’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിനുപുറമെ, വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രിസ് നഗരാതിർത്തിയിലുള്ള സൈനിക കേന്ദ്രത്തിന് നേരെയും പുലർച്ചെ 2:40 ഓടെ ആക്രമണമുണ്ടായതായി പ്രാദേശിക ദുരന്തനിവാരണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ നഗരത്തിന് അകത്ത് ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇറാന്റെ സൈനിക താവളങ്ങളാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



