കൊച്ചി / ന്യൂഡൽഹി: കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ സർക്കാരിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. വഖഫ് ബോർഡ് രൂപീകരിച്ചത് സർക്കാരായതിനാൽ തന്നെ ബോർഡ് പുനഃസംഘടിപ്പിക്കുന്ന കാര്യത്തിലും സർക്കാരിന് തീരുമാനമെടുക്കാവുന്നതാണെന്ന് വ്യക്തമാക്കിയ കോടതി, രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും ചോദ്യമുന്നയിച്ചു. അതേസമയം, വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്താൻ തയ്യാറാണെന്ന നിലപാട് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ ആവർത്തിച്ചു. മുൻ സർക്കാരും അമുസ്ലിംകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേന്ദ്ര ഭേദഗതി നിയമപ്രകാരം ആദ്യം രൂപീകരിച്ച ബോർഡാണ് കേരളത്തിലേതെന്നും അമുസ്ലിം പ്രതിനിധികളെ പിന്നീട് വെക്കാമെന്നാണ് തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെതിരെ സമർപ്പിക്കപ്പെട്ട നാല് ഹർജികളും തള്ളണമെന്നാണ് സർക്കാറും വഖഫ് ബോർഡും കോടതിയിൽ ആവശ്യപ്പെട്ടത്.
അതിനിടെ, വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെ ജോയിന്റ് സെക്രട്ടറിയുടെയോ അഡിഷണൽ സെക്രട്ടറിയുടെയോ മേൽനോട്ടത്തിൽ വേണമെന്ന ഹൈക്കോടതി നിർദ്ദേശം സുപ്രീംകോടതി പൂർണ്ണമായും റദ്ദാക്കി. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന വഖഫ് ബോർഡും ബോർഡംഗം ഉമർ ഫൈസി മുക്കവും നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റെ നിർണ്ണായക ഉത്തരവ്. ബോർഡിന്റെ പ്രവർത്തനങ്ങളിൽ സെക്രട്ടറിതല മേൽനോട്ടം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, എന്നാൽ മേൽനോട്ട ചുമതലയില്ലെങ്കിലും ബോർഡംഗമായ ജോയിന്റ് സെക്രട്ടറിക്ക് ആ സ്ഥാനത്ത് തുടരാമെന്നും അറിയിച്ചു.
മുസ്ലിം ഇതര അംഗങ്ങളെ നിയമിക്കാത്തതിന്റെ പേരിൽ മാത്രം ബോർഡിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് എന്തിനാണെന്ന് വിചാരണ വേളയിൽ സുപ്രീംകോടതി ചോദ്യമുന്നയിച്ചു. വഖഫ് ബോർഡിനെ ശരിയായി കേൾക്കാതെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയതെന്ന് വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചപ്പോൾ, ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. തുടർന്ന്, ഹൈക്കോടതിയുടെ അനുമതിയില്ലാതെ വഖഫ് ബോർഡ് പ്രധാന തീരുമാനങ്ങളോ മൂലധന ചെലവുകളോ നടത്തരുതെന്ന മുൻ ഉത്തരവിലെ വരി നിലനിർത്തേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ എല്ലാ കക്ഷികളുടെയും വാദമുഖങ്ങളും അവകാശവാദങ്ങളും വിശദമായി കേട്ട ശേഷം വിഷയം എത്രയും വേഗം തീർപ്പാക്കാനും സുപ്രീംകോടതി ഹൈക്കോടതിയോട് നിർദ്ദേശിച്ചു.



