ബെയ്റൂത്ത്: ഇസ്രായേലി സേന പിന്മാറ്റം ആരംഭിച്ച ദക്ഷിണ ലെബനനിലെ ഗ്രാമങ്ങളിൽ ലെബനീസ് സൈന്യം പ്രവേശിച്ചതിന് പിന്നാലെ, ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം പ്രദേശം സന്ദർശിച്ച് ദേശീയ പതാക ഉയർത്തി. ക്വാഖൈത് അൽ-ജിസ്റിനും സവ്താർ അൽ-ഗർബിയയ്ക്കുമിടയിലുള്ള പൈലറ്റ് മേഖലയിലാണ് പ്രധാനമന്ത്രിയും മുതിർന്ന ഭരണാധികാരികളും ചേർന്ന് രാജ്യത്തിന്റെ പതാക നാട്ടിയത്. മേഖലയിലേക്ക് ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും ഔദ്യോഗിക തിരിച്ചുവരവ് വിളംബരം ചെയ്യുന്ന പ്രതീകാത്മക നീക്കമായാണ് ഈ സന്ദർശനത്തെ സർക്കാർ വിശേഷിപ്പിച്ചത്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ പ്രാദേശികവാസികളിൽ വലിയൊരു വിഭാഗം കടുത്ത നിരാശയും അമർഷവും പ്രകടിപ്പിച്ചു. സന്ദർശന വേളയിൽ നാട്ടുകാരുമായി സംസാരിക്കാനോ, വീടുകളിലേക്ക് മടങ്ങാൻ ആഗ്രഹിച്ച ഗ്രാമീണരെ ഒപ്പം കൂട്ടാനോ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു.
പ്രദേശം ഇപ്പോഴും സുരക്ഷിതമല്ലെന്നും, പ്രദേശത്ത് വൻതോതിൽ പൊട്ടിത്തെറിക്കാത്ത സ്ഫോടകവസ്തുക്കളും ബോംബുകളും അവശേഷിക്കുന്നുണ്ടെന്നുമാണ് സർക്കാർ ഇതിന് നൽകുന്ന വിശദീകരണം. ഇവിടങ്ങളിലെ സ്ഫോടകവസ്തുക്കൾ വീണ്ടെടുത്ത് നിർവീര്യമാക്കുന്നതുവരെ ജനങ്ങൾക്ക് പ്രവേശനം അനുവദിനാവില്ലെന്ന് സുരക്ഷാസേന വ്യക്തമാക്കി. സ്വന്തം വീടുകളിലേക്ക് എന്ന് മടങ്ങാനാകുമെന്നറിയാതെ ദിവസങ്ങളായി വഴിയിൽ കാത്തിരിക്കുകയാണ് പ്രദേശവാസികൾ. ഗ്രാമ അതിർത്തികളിൽ ലെബനീസ് സൈന്യം ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് ജനങ്ങൾ അകത്തേക്ക് കടക്കുന്നത് തടഞ്ഞിരിക്കുകയാണ്.
മാസങ്ങൾ നീണ്ട യുദ്ധത്തിന് ശേഷം തിരികെ എത്തുമ്പോൾ സ്വന്തം വീടുകൾ അവശേഷിക്കുന്നുണ്ടോ അതോ തകർക്കപ്പെട്ടോ എന്ന ആശങ്കയിലാണ് പല കുടുംബങ്ങളും. ഇതോടൊപ്പം, തൊട്ടടുത്ത കുന്നുകളിൽ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേൽ സൈന്യം വീടുകൾ തകർക്കുന്നതിന്റെയും ബോംബുകൾ പൊട്ടിക്കുന്നതിന്റെയും ശബ്ദങ്ങൾ കേൾക്കുന്നതായി അതിർത്തി ഗ്രാമങ്ങളിലുള്ളവർ വ്യക്തമാക്കുന്നു. സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് സർക്കാർ ഉറപ്പുനൽകുമ്പോഴും, വീടുകളിലേക്ക് മടങ്ങാനാകാതെ നെഞ്ചുരുപ്പടിയോടെ കാത്തിരിക്കുകയാണ് ദക്ഷിണ ലെബനനിലെ സാധാരണക്കാർ.



