ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടനടി മറുപടി പറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇക്കാര്യം ഉന്നയിച്ച് അമിത് ഷായ്ക്ക് അയച്ച രണ്ടു പേജുള്ള തുറന്ന കത്ത് രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 2026 ജൂലൈ 20-ന് ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ ആഭ്യന്തര മന്ത്രാലയം വ്യക്തത വരുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
നീതിപൂർവ്വവും ഉത്തരവാദിത്തമുള്ളതുമായ വിദ്യാഭ്യാസ സമ്പ്രദായം മാത്രം ആവശ്യപ്പെട്ട് സമാധാനപരമായി തെരുവിലിറങ്ങിയ വിദ്യാർത്ഥികളെ ക്രൂരമായ ബലപ്രയോഗത്തിലൂടെയും മാരകായുധങ്ങളും കണ്ണീർവാതകവും ഉപയോഗിച്ചുമാണ് പോലീസ് നേരിട്ടതെന്ന് രാഹുൽ കുറ്റപ്പെടുത്തി. നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും വനിതാ വിദ്യാർത്ഥികൾക്ക് നേരെപ്പോലും പോലീസ് ക്രൂരമായ അതിക്രമങ്ങൾ നടത്തുകയും ചെയ്തു. പെല്ലറ്റ് പ്രയോഗത്തിൽ കണ്ണിന് പരിക്കേറ്റ് കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ള സാഹിൽ ലോചാബ് (19) എന്ന വിദ്യാർത്ഥിയുടെ അവസ്ഥ ചൂണ്ടിക്കാട്ടിയ രാഹുൽ, കഴിഞ്ഞ ദിവസം ഈ വിദ്യാർത്ഥിയുമായാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
ഡൽഹി പോലീസിന്റെയും സുരക്ഷാ സേനയുടെയും നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനായതിനാൽ അമിത് ഷാ നിർണായകമായ രണ്ട് ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു:
വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ പ്രയോഗിക്കാൻ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ താങ്കൾ അനുമതി നൽകിയിട്ടുണ്ടോ? ഇല്ലെങ്കിൽ അതിന് ഉത്തരവിട്ടത് ആരാണ്?
സാധാരണ വസ്ത്ര ധാരണം നടത്തി വിദ്യാർത്ഥികളെ ലാത്തികൊണ്ട് ക്രൂരമായി മർദ്ദിച്ചവർ പോലീസ് ഉദ്യോഗസ്ഥരാണോ അതോ മറ്റ് വളണ്ടിയർമാരാണോ? ഇവരെ വിന്യസിക്കാൻ ആരാണ് അനുമതി നൽകിയത്?
സമാധാനപരമായ പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്ന് ഓർമ്മിപ്പിച്ച രാഹുൽ ഗാന്ധി, പ്രതിഷേധക്കാരുടെ പരാതികൾ ചർച്ചയിലൂടെ പരിഹരിക്കുകയാണ് സർക്കാറിന്റെ ബാധ്യതയെന്നും രാജ്യത്തിന്റെ ഭാവിയായ യുവജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയേ മതിയാകൂ എന്നും കത്തിൽ വ്യക്തമാക്കി.



