സൗദി എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ഡ്രോൺ ആക്രമണം; ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെയും തലസ്ഥാനമായ റിയാദിലെയും പ്രധാന എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ഡ്രോൺ ആക്രമണ ശ്രമം. രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ നിരവധി ഡ്രോണുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി സൗദി അറേബ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാഖിൽ നിന്ന് പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള മിലിഷ്യകളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് സൗദി അറേബ്യ ആരോപിച്ചു.

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി തുടർച്ചയായ ആക്രമണ ശ്രമങ്ങളാണ് നടന്നതെന്നും, ഇറാഖി പ്രദേശത്തുനിന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഭീകരപ്രവർത്തനങ്ങളാണിതെന്നും പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി തിങ്കളാഴ്ച വ്യക്തമാക്കി. വ്യോമസേനയുടെ കൃത്യമായ ഇടപെടൽ കാരണം ആക്രമണത്തിൽ ആളപായമോ മറ്റ് സാമ്പത്തിക നഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സൗദി അറേബ്യയുടെ സുരക്ഷയും ജനങ്ങളെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാൻ രാജ്യത്തിന് പൂർണ്ണ നിയമപരമായ അവകാശമുണ്ടെന്ന് അൽ-മാലികി പറഞ്ഞു. ഉചിതമായ സമയത്തും സ്ഥലത്തും ഇതിന് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ നടത്തിയ ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം പ്രത്യേക പ്രസ്താവനയിലൂടെ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനും ആക്രമണങ്ങളുടെ ഉറവിടങ്ങൾക്ക് തക്കതായ മറുപടി നൽകാനുമുള്ള സൗദിയുടെ ദൃഢനിശ്ചയം മന്ത്രാലയം ആവർത്തിച്ചു. അതോടൊപ്പം, രാജ്യത്തിനെതിരെയുള്ള ആക്രമണങ്ങൾക്കായി ഇറാഖിന്റെ മണ്ണ് ലോഞ്ച്പാഡായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സൗദി അറേബ്യ ഇറാഖ് സർക്കാറിനോട് ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles