മുക്കത്ത് മതസൗഹാർദ്ദത്തിന്റെ ‘റിയൽ കേരള സ്റ്റോറി’; സുമതിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി മുസ്‌ലിം യുവാക്കൾ

കോഴിക്കോട്: വർഗീയ വിഷപ്രചാരണങ്ങൾക്കിടയിലും കേരളത്തിന്റെ മനസ്സ് എന്നും മതസൗഹാർദ്ദത്തിനൊപ്പമാണെന്ന് തെളിയിക്കുന്ന മാതൃകാപരമായ സംഭവത്തിന് സാക്ഷിയായി മുക്കം നഗരസഭയിലെ പൂളപ്പൊയിൽ ഗ്രാമം. കഴിഞ്ഞ ദിവസം നിര്യാതയായ കാതിയോട് പാലക്കുന്നുമ്മൽ സുമതിയുടെ (64) സംസ്കാര ചടങ്ങുകൾക്കായി ഒരുപറ്റം മുസ്ലിം യുവാക്കൾ മുന്നിട്ടിറങ്ങി കുഴിമാടമൊരുക്കിയതാണ് നാടിന്റെയാകെ പ്രശംസ ഏറ്റുവാങ്ങുന്നത്.

രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് സുമതി അന്തരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും കോരിച്ചൊരിയുന്ന കനത്ത മഴ കാരണം സംസ്കാര ചടങ്ങുകൾക്കായി മണ്ണൊരുക്കാൻ ആളെ ലഭിക്കാതെ ബന്ധുക്കളും നാട്ടുകാരും പ്രതിസന്ധിയിലായി. വിവരമറിഞ്ഞയുടൻ പ്രദേശത്ത് സന്നദ്ധസേവന രംഗത്ത് സജീവമായ പൂളപ്പൊയിൽ ഖബർസ്ഥാനിലെ സേവകരായ ഉസൈൻ പൂലേരി, ആഷിക് തഹാനി, എ.എം. യൂസഫ്, ഹാഷിർ എന്നിവരും അയൽവാസികളായ പി.കെ. ശംസു, മൻസൂർ എന്നിവരും സ്ഥലത്തെത്തുകയായിരുന്നു.

രാത്രി 7.30-ഓടെ ആരംഭിച്ച പണി കനത്ത മഴയും ചളിയും അവഗണിച്ച് രാത്രി 11.30 വരെയോളം നീണ്ടുനിന്നു. ഹിന്ദു ആചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകൾക്ക് ആവശ്യമായ കുഴിമാടം പൂർണ്ണമായും സജ്ജമാക്കിയ ശേഷമാണ് ഈ ചെറുപ്പക്കാർ മടങ്ങിയത്. സഹോദരങ്ങളായ മനുഷ്യർ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും യഥാർത്ഥ ചിത്രമാണ് ഇതിലൂടെ പൂളപ്പൊയിൽ ഗ്രാമം കാട്ടിത്തന്നത്.

 

Related Articles

- Advertisement -spot_img

Latest Articles