വാഷിംഗ്ടൺ: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് പിന്നാലെ അമേരിക്കയുടെ പ്രതിരോധ ആയുധ ശേഖരത്തിൽ വൻ കുറവുണ്ടായതിനെ തുടർന്ന് ആയുധ നിർമ്മാണം അടിയന്തിരമായി വേഗത്തിലാക്കാൻ തങ്ങളുടെ പ്രതിരോധ വ്യവസായ മേഖലയോട് ആവശ്യപ്പെട്ട് യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ. അടിയന്തിര ഭീഷണികളെ നേരിടാൻ സേനയ്ക്ക് ആവശ്യമായ ആയുധങ്ങൾ ലഭ്യമാക്കുന്നതിനായി നിർമ്മാണവും വിതരണവും വേഗത്തിലാക്കാൻ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ സ്ഥിരീകരിച്ചു. നിർമ്മാണ പ്രക്രിയ കൂടുതൽ വേഗത്തിലാക്കാനും വലിയ രീതിയിൽ ഉൽപ്പാദനം കൂട്ടാനുമുള്ള പദ്ധതികൾ സമർപ്പിക്കാൻ യു.എസ് ഡെപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീവ് ഫെയിൻബർഗ് വ്യാഴാഴ്ച പ്രമുഖ പ്രതിരോധ കമ്പനികൾക്ക് അയച്ച കത്തിൽ 21 ദിവസത്തെ സമയപരിധി നൽകി. വർഷങ്ങൾ നീളുന്ന വികസന പ്രക്രിയകൾ ഇനി അംഗീകരിക്കാനാവില്ലെന്നും പരിപാടികളുടെ സമയക്രമം അടിയന്തിരമായി ചുരുക്കി നിർമ്മാണ ശേഷി കൂട്ടണമെന്നും ഫെയിൻബർഗ് കത്തിൽ ആവശ്യപ്പെടുന്നു.
ഇറാനുമായുള്ള അഞ്ചു മാസത്തിലേറെ നീണ്ട തർക്കങ്ങൾക്കിടയിൽ പേട്രിയറ്റ്, ഥാഡ് തുടങ്ങിയ മുൻനിര മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ ശേഖരത്തിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. തന്ത്രപ്രധാനമായ ആയുധങ്ങളുടെ ശേഖരം കുറയുന്നത് മേഖലയിലെ അമേരിക്കൻ സൈനികർക്ക് വലിയ സുരക്ഷാ ഭീഷണിയാണെന്ന് വാഷിംഗ്ടൺ ആസ്ഥാനമായ സി.എസ്.ഐ.എസ് (CSIS) തിങ്ക് ടാങ്ക് ചൂണ്ടിക്കാട്ടി. യുദ്ധത്തിന് മുൻപ് 2,330 ഉണ്ടായിരുന്ന പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ എണ്ണം നിലവിൽ 759 മുതൽ 827 വരെയായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട് (ഏകദേശം 65 ശതമാനം കുറവ്). അതുപോലെ 452 ഉണ്ടായിരുന്ന ഥാഡ് മിസൈലുകൾ 38 ശതമാനത്തോളം കുറഞ്ഞ് 234-278 എണ്ണത്തിലേക്ക് ചുരുങ്ങി.
അതേസമയം ആയുധ ക്ഷാമമുണ്ടെന്ന വാർത്തകളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിഷേധിച്ചു. തങ്ങൾക്ക് ആവശ്യത്തിന് ആയുധശേഖരമുണ്ടെന്നും കമ്പനികൾ രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ തോതിൽ ഉൽപ്പാദനം നടത്തുന്നുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നിലവിൽ പെന്റഗണിന്റെ ബജറ്റ് തുക കഴിഞ്ഞ വർഷത്തെ 900 ബില്യൺ ഡോളറിൽ നിന്ന് 1.5 ട്രില്യൺ ഡോളറായി ഉയർത്താനുള്ള നിർദ്ദേശം യു.എസ് കോൺഗ്രസിന്റെ അനുമതിക്കായി കാത്തുകിടക്കുകയാണ്. പെന്റഗൺ നിർമ്മാണം വേഗത്തിലാക്കാൻ ലോക്ഹീഡ് മാർട്ടിൻ, നോർത്ത്റോപ്പ് ഗ്രമ്മൻ തുടങ്ങിയ ആയുധ നിർമ്മാണ കമ്പനികളുമായി പുതിയ കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്.



