അറിയാതെ പാക്ക് ചെയ്ത മരുന്ന് വിനയായി; സൗദിയിൽ ജയിലിലായ പ്രവാസിക്ക് തുണയായി മലയാളി സാമൂഹിക പ്രവർത്തകൻ

ഹായിൽ: അറിയാതെ സംഭവിച്ച പിഴവിന്റെ പേരിൽ സൗദി അറേബ്യയിൽ ജയിലിലായ ഉത്തർപ്രദേശ് സ്വദേശിക്ക് താങ്ങായി മലയാളി സാമൂഹിക പ്രവർത്തകൻ. യു.പി സ്വദേശിയായ ഇസ്തിയാർ അഹമ്മദ് ഖാനാണ് എയർപോർട്ടിലെ പരിശോധനയിൽ നിരോധിത ഗുളികകൾ കണ്ടെത്തിയതിനെ തുടർന്ന് ജയിലിലായത്. ഹായിലേക്ക് യാത്ര തിരിക്കുന്നതിനിടെ ഭാര്യ ലഗേജ് പാക്ക് ചെയ്യുന്ന സമയത്ത്, അവരുടെ പിതാവ് കഴിക്കുന്ന മരുന്നുകൾ അബദ്ധത്തിൽ പെട്ടിയിലാകുകയായിരുന്നു. ഈ ഗുളികകളാണ് എയർപോർട്ട് ചെക്കിങ്ങിൽ പിടിക്കപ്പെടുകയും തുടർന്ന് ഇസ്തിയാറിനെ ജയിലിലടക്കാൻ കാരണമാവുകയും ചെയ്തത്.

തങ്ങൾക്ക് സംഭവിച്ച പിഴവ് പോലീസിനെയും കോടതിയെയും എങ്ങനെ ബോധ്യപ്പെടുത്തുമെന്നറിയാതെ കുടുംബം കടുത്ത പ്രയാസത്തിലായിരുന്ന സമയത്താണ് മറ്റൊരു യു.പി സ്വദേശി വഴി വിഷയം മലയാളി സാമൂഹിക പ്രവർത്തകനായ റഹീം തിരൂരിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലുകളുടെയും പരിശ്രമങ്ങളുടെയും ഫലമായി യാഥാർത്ഥ്യം കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചു. ഇതോടെ ഇസ്തിയാറിന്മേൽ ചുമത്തിയിരുന്ന ശിക്ഷ ഒഴിവാക്കി ലഭിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്.

പ്രവാസികൾക്കെല്ലാം വലിയൊരു ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്ന് റഹീം തിരൂർ പറഞ്ഞു. നാട്ടിൽ നിന്നും വരുമ്പോൾ ലഗേജിൽ എന്തൊക്കെ ഉണ്ടെന്ന് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സൗദിയിൽ നിരോധിച്ചിട്ടുള്ള ഗുളികകളും മറ്റ് മരുന്നുകളും പരമാവധി കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി കഴിക്കുന്ന മരുന്നുകളാണെങ്കിൽ തന്നെ അതിന്റെ യഥാർത്ഥ മെഡിക്കൽ രേഖകൾ കൈവശം കരുതിയാൽ മാത്രമേ ഇത്തരം വലിയ അപകടങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

റിപ്പോർട്ട്: അഫ്‌സൽ കായംകുളം

 

Related Articles

- Advertisement -spot_img

Latest Articles