വാഷിംഗ്ടൺ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എക്കാലത്തെക്കാളും ശക്തമാണെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ആഴത്തിലുള്ള വ്യക്തിപരമായ ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതെന്ന് റൂബിയോ ചൂണ്ടിക്കാട്ടി.
പ്രതിരോധം, ഊർജ്ജസുരക്ഷ, നിർണായക ധാതുക്കൾ, കൃത്രിമബുദ്ധി (AI), ബഹിരാകാശ സഹകരണം, വാണിജ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും കൈകോർത്ത് മുന്നേറുകയാണ്. ഈ കൂട്ടായ്മ ഇന്ത്യയെയും അമേരിക്കയെയും കൂടാതെ വിശാലമായ ഇന്ത്യൻ മഹാസമുദ്ര മേഖലയെ ഒന്നാകെ കൂടുതൽ സുരക്ഷിതവും ശക്തവും സമ്പന്നവുമാക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ഊഷ്മളമായ സൗഹൃദമാണ് ഈ പന്തബന്ധത്തിന്റെ അടിത്തറയെന്നും, ഭാവിയിൽ കൂടുതൽ വലിയ നേട്ടങ്ങൾ ഒരുമിച്ച് കൈവരിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്നും റൂബിയോ കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്തുകൊണ്ട് ഭാരതം എൺപതാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുകയാണ്.



