75 രാജ്യങ്ങൾക്ക് ചുമത്തിയ വിസ നിരോധനം റദ്ദാക്കി യു.എസ് കോടതി

75 രാജ്യങ്ങളിലെ പൗരന്മാർക്ക് സ്ഥിരതാമസത്തിനായി നൽകി വന്നിരുന്ന വിസകൾ തടഞ്ഞുകൊണ്ടുള്ള യു.എസ് സർക്കാരിന്റെ ഉത്തരവ് ഫെഡറൽ കോടതി റദ്ദാക്കി. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് ഏൽക്കുന്ന വലിയൊരു തിരിച്ചടിയാണിത്.

ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ജീനെറ്റ് വർഗാസ് വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിയിൽ ഈ നയം “നിയമവിരുദ്ധമാണെന്ന്” വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ തനിക്കുള്ള “നിയമാനുസൃത അധികാരങ്ങൾ മറികടന്നാണ്” ഇത്തരം ഒരു നിർദ്ദേശം നൽകിയതെന്നും കോടതി നിരീക്ഷിച്ചു.

ഈ വർഷം ജനുവരിയിൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം അഫ്ഗാനിസ്ഥാൻ, ബ്രസീൽ, ഈജിപ്ത്, ഇറാൻ, ഇറാഖ്, നൈജീരിയ, സൊമാലിയ, തായ്‌ലാന്റ്, യെമൻ ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ ഇമിഗ്രന്റ് വിസ നടപടികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.

“ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ യു.എസിലെ സാമ്പത്തിക ആനുകൂല്യങ്ങൾ അനധികൃതമായി കൈപ്പറ്റുന്നില്ലെന്നും രാജ്യത്തിന് സാമ്പത്തിക ബാധ്യതയാകുന്നില്ലെന്നും ഉറപ്പാക്കാനാണ്” ഈ തീരുമാനമെന്നായിരുന്നു അന്ന് വിദേശകാര്യ മന്ത്രാലയം നൽകിയ വിശദീകരണം.

എന്നാൽ, അപേക്ഷകർ വിസയ്ക്ക് യോഗ്യരാണെന്ന് വ്യക്തമായിട്ടും അവരുടെ ജന്മദേശം മാത്രം മാനദണ്ഡമാക്കി വിസ നിരസിക്കാൻ കോൺസുലർ ഉദ്യോഗസ്ഥർക്ക് തെറ്റായ നിർദ്ദേശം നൽകുകയായിരുന്നുവെന്ന് ജഡ്ജി വർഗാസ് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ചത്തെ ഉത്തരവോടെ, ഈ രാജ്യങ്ങളുടെ പേരിൽ മാത്രം നിരസിക്കപ്പെട്ട എല്ലാ വിസ അപേക്ഷകളുടെയും വിലക്ക് നീക്കപ്പെടും. അതേസമയം, ഈ വിധിക്കെതിരെ സർക്കാരിന് അപ്പീൽ നൽകാൻ അവസരമുണ്ട്.

ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന വാഗ്ദാനത്തോടെയാണ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയത്. ഇതിന്റെ ഭാഗമായി അതിർത്തി കടന്നുള്ള കുടിയേറ്റം കുറയ്ക്കുന്നതിനും നാടുകടത്തൽ വേഗത്തിലാക്കുന്നതിനുമായി നിരവധി കർശന നടപടികളാണ് ഭരണകൂടം സ്വീകരിച്ചു വരുന്നത്.

Related Articles

- Advertisement -spot_img

Latest Articles