പോലീസ് സ്റ്റേഷനിലെ ഓണാഘോഷവും റീൽസും: ഇ.ഡി കേസ് പ്രതികൾക്കെതിരെ എ.ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായവർ മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷവും റീൽസ് ചിത്രീകരണവും നടത്തിയത് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തി. സംഭവത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. സ്റ്റേഷനിൽ കേസിന്റെ ഭാഗമായി ഒപ്പിടാനെത്തിയ സി.പി.ഐ.എം മുൻ കൗൺസിലർ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലാണ് മറ്റ് പ്രതികളും ചേർന്ന് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

പോലീസ് സ്റ്റേഷൻ മുറ്റത്ത് ഒരുക്കിയ അത്തപ്പൂക്കളത്തിന് സമീപത്തെ ഊഞ്ഞാലിൽ പോലീസുകാരുടെ യൂണിഫോമിന് സമാനമായ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ പ്രതികൾ ആടുന്നതും റീൽസ് ചിത്രീകരിക്കുന്നതുമായ ദൃശ്യങ്ങൾ പ്രചരിച്ചതാണ് വിവാദമായത്. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറോട് എ.ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും.

പോലീസ് സ്റ്റേഷനിൽ തങ്ങൾക്ക് വലിയ സ്വാധീനമുണ്ടെന്ന് വരുത്തിത്തീർത്ത് സാക്ഷികളെ ഭയപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്ന വിലയിരുത്തലിൽ, ഐ.പി. ബിനു ഉൾപ്പെടെയുള്ളവരുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയെ സമീപിക്കും. എന്നാൽ പ്രതികളെ ഓണാഘോഷത്തിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും ഒപ്പിടാൻ എത്തിയപ്പോൾ ഉണ്ടായ യാദൃശ്ചിക സംഭവം മാത്രമാണിതെന്നുമാണ് പോലീസിന്റെ പ്രാഥമിക വിശദീകരണം. തങ്ങൾ ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയത് മുൻകൂട്ടി പ്ലാൻ ചെയ്തതല്ലെന്നും ബിനു പ്രതികരിച്ചു. സംഭവം വിവാദമാവുകയും യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെ സ്റ്റേഷൻ മുറ്റത്തുണ്ടായിരുന്ന ഊഞ്ഞാൽ പോലീസ് അഴിച്ചുമാറ്റി.

Related Articles

- Advertisement -spot_img

Latest Articles