ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ പോലീസ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതിൽ പരിക്കേറ്റ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരിക്കേറ്റ വിദ്യാർത്ഥിയോടൊപ്പം ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ആറ് മണിക്കൂറിലധികം നീണ്ട പ്രതിഷേധവും കുത്തിയിരിപ്പും നടത്തിയതിനെ തുടർന്നാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഡൽഹി സർവകലാശാലയിലെ സ്കൂൾ ഓഫ് ഓപ്പൺ ലേണിങ് വിദ്യാർത്ഥിയായ 19 കാരൻ സാറിൽ ലോച്ചബിന്റെ പരാതിയിലാണ് നടപടി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും ഡൽഹി പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കുമെതിരെ ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിനിടെയാണ് സാറിലിന് ഗുരുതരമായി പരിക്കേറ്റത്.
ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും പെട്ട് കയ്യിൽ ദേശീയപതാകയുമായി ഓടുന്നതിനിടെ നീല യൂണിഫോം ധരിച്ച ഉദ്യോഗസ്ഥൻ വലിയ റൈഫിൾ ഉപയോഗിച്ച് തനിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് വിദ്യാർത്ഥി പരാതിയിൽ പറയുന്നു. സാറിലിന്റെ മുഖത്തും കണ്ണിനും നെഞ്ചിലും ഏകദേശം 200-ഓളം പെല്ലറ്റുകൾ പതിച്ചതായി സി.ടി സ്കാൻ റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. വലതുകണ്ണിലെ പെല്ലറ്റുകൾ പൂർണ്ണമായി പുറത്തെടുക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും, ഹൃദയത്തിന് സമീപം പെല്ലറ്റുകൾ തങ്ങിനിൽക്കുന്നതിനാൽ ദീർഘകാല ചികിത്സ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ എട്ട് ദിവസമായി കോണാട്ട് പ്ലേസ്, സൻസദ് മാർഗ്, മന്ദിർ മാർഗ് പോലീസ് സ്റ്റേഷനുകളിലും ക്രൈംബ്രാഞ്ച് ഓഫീസിലും കയറിയിറങ്ങിയിട്ടും കേസ് എടുക്കാൻ തയ്യാറാകാതിരുന്ന പോലീസ്, രാഹുൽ ഗാന്ധിയുടെ ഇടപെടലിന് ശേഷമാണ് ഭാരതീയ ന്യായ സംഹിതയിലെ (BNS) 118, 125 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും ഡ്രോൺ ഫൂട്ടേജുകളും സംരക്ഷിക്കണമെന്നാണ് വിദ്യാർത്ഥിയുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം.



