നേപ്പാളിൽ മിന്നൽ പ്രളയം: മരണസംഖ്യ 157 ആയി; ഇന്ത്യക്കാരടക്കം 800-ഓളം പേരെ കാണാതായി; മലയാളികൾ സുരക്ഷിതർ

കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും മരിച്ചവരുടെ എണ്ണം 157 കടന്നു. 800-ലധികം ആളുകളെ കാണാതായതായാണ് വിവരം. കൈലാസ മാനസസരോവർ യാത്രയ്ക്കായെത്തിയ 133 ഇന്ത്യൻ തീർത്ഥാടകരെക്കുറിച്ചും 142 മറ്റ് ഇന്ത്യൻ വിനോദസഞ്ചാരികളെക്കുറിച്ചും നിലവിൽ വിവരമില്ല. ടിബറ്റിൽ നിന്നെത്തുന്ന ഭോട്ടെ കോശി നദിയിലുണ്ടായ അപ്രതീക്ഷിത ജലപ്രവാഹത്തിൽ രസുവ, ധാഡിങ്, നുവാകോട്ട് ജില്ലകളിലെ നിരവധിയേറെ ഗ്രാമങ്ങളും റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ഇതിനെത്തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി തുടരുകയാണ്.

ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി ഇന്ത്യ അടിയന്തരമായി 10 ടൺ ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും കാഠ്മണ്ഡുവിൽ എത്തിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു. നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായെ ഫോണിൽ വിളിച്ച് സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും ഉറപ്പുനൽകി. ദുരന്തബാധിതരെ സഹായിക്കാനായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്.

അതേസമയം, നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളി വിനോദസഞ്ചാരികളുടെ സംഘം സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ് അറിയിച്ചു. സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നേപ്പാളിലുള്ള മലയാളികളെക്കുറിച്ച് വിവരമില്ലാത്തവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായും (944 7111844, 9747132147), സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായും (1070), നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററുമായും (18004253939, +91-8802012345) ബന്ധപ്പെടാവുന്നതാണ്.

Related Articles

- Advertisement -spot_img

Latest Articles