തൃശ്ശൂർ: കൊലപാതകക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ ബ്രൂണെയ്യിൽ കണ്ടെത്തിയെന്ന വാർത്തകളിൽ പുതിയ ട്വിസ്റ്റ്. സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച പാസ്പോർട്ട് ചിത്രങ്ങൾ തൃശൂർ കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ വ്യക്തമാക്കി. ഇദ്ദേഹം വർഷങ്ങളായി ബ്രൂണെയ്യിൽ താമസിച്ചുവരികയാണെന്ന് കുടുംബം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് സുകുമാരക്കുറുപ്പാണെന്ന സംശയത്തിൽ ബ്രൂണെയ്യിൽ നിന്നുള്ള ഒരു വയോധികന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചത്. പേരുമാറ്റി ബ്രൂണെയ്യിലെ മലയാളി സമൂഹവുമായി അകലം പാലിച്ച് ഒറ്റപ്പെട്ടാണ് ഇയാൾ ജീവിക്കുന്നതെന്നായിരുന്നു പ്രചരിച്ച റിപ്പോർട്ടുകൾ. സുകുമാരക്കുറുപ്പ് മരിച്ചതായി കണക്കാക്കി പോലീസ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി ബ്രൂണെയ് കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയിരുന്നു.



