‘വിദേശത്ത് വൻ തത്ത്വചിന്ത, സ്വന്തം നാട്ടിൽ മൗനം’: മോഹൻ ഭാഗവതിന്റെ ‘നാനാത്വത്തിൽ ഏകത്വം’ പരാമർശത്തെ പരിഹസിച്ച് കപിൽ സിബൽ

ന്യൂഡൽഹി: ന്യൂയോർക്കിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ ‘നാനാത്വത്തിൽ ഏകത്വം’ പരാമർശത്തെ രൂക്ഷമായി പരിഹസിച്ച് രാജ്യസഭാ എം.പി കപിൽ സിബൽ. വിദേശരാജ്യങ്ങളിൽ പോയി ഉപദേശങ്ങൾ നൽകുന്നതിനേക്കാൾ പ്രവൃത്തിയിലാണ് കാര്യമെന്നും സ്വന്തം രാജ്യത്ത് ഇത്തരം വിഷയങ്ങളിൽ നേതാക്കൾ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. തന്റെ എക്സ് അക്കൗണ്ടിലൂടെയായിരുന്നു സിബലിന്റെ പ്രതികരണം.

അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ് സംഘടിപ്പിച്ച ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ പരിപാടിയിലായിരുന്നു ഭാഗവതിന്റെ പ്രസംഗം. മുസ്‌ലീങ്ങളെ ഇന്ത്യയിൽ നിന്നും പുറത്താക്കണമെന്ന് ചിന്തിക്കുന്നയാൾ ഹിന്ദുവല്ലെന്നും, വൈവിധ്യം നമ്മുടെ ഐക്യത്തിന്റെ അലങ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യക്കാരുടെ ഡി.എൻ.എയുടെ ഭാഗമാണെന്നും ലോകത്തെ ഐക്യത്തിന്റെ സന്ദേശം മനസ്സിലാക്കിക്കുക എന്നതാണ് ഇന്ത്യയുടെ ചുമതലയെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. എന്നാൽ ഈ വാദങ്ങളെ പൂർണ്ണമായി തള്ളിക്കളഞ്ഞ കപിൽ സിബൽ, വിദേശത്ത് വലിയ വിജ്ഞാനം പറയുകയും നാട്ടിൽ മൗനം പാലിക്കുകയും ചെയ്യുന്ന വെറും വാക്കുകൾക്ക് ഒരു വിലയുമില്ലെന്നും ചെയ്യുന്ന പ്രവൃത്തികളാണ് സംസാരിക്കേണ്ടതെന്നും ഓർമ്മിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles