‘കോളേജുമില്ല, പണവുമില്ല!’ കോടികളുടെ പിരിവ് മുക്കി; കണ്ണൂർ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി നോർത്ത് മലബാർ സൊസൈറ്റി വിവാദം

കണ്ണൂർ: കണ്ണൂരിൽ കോളേജ് ആരംഭിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പതിനായിരക്കണക്കിന് ആളുകളിൽ നിന്ന് പണം പിരിച്ചെടുത്ത ശേഷം പദ്ധതി അട്ടിമറിച്ചതായി ആരോപണം. സി.പി.എം നേതൃത്വത്തിലുള്ള നോർത്ത് മലബാർ എഡ്യൂക്കേഷനൽ സൊസൈറ്റിക്കെതിരെയാണ് സാമ്പത്തിക ക്രമക്കേടും സുതാര്യതയില്ലായ്മയും ആരോപിച്ച് നിക്ഷേപകർ രംഗത്തെത്തിയത്. 2015-ൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റി കോളേജ് നിർമാണത്തിന്റെ ഭാഗമായി ആയിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഓഹരികളായാണ് ജനങ്ങളിൽ നിന്ന് സ്വീകരിച്ചത്. എന്നാൽ വർഷങ്ങൾ പലത് കഴിഞ്ഞിട്ടും കോളേജ് ആരംഭിക്കുകയോ തങ്ങൾ നിക്ഷേപിച്ച തുക തിരികെ നൽകുകയോ ചെയ്തിട്ടില്ലെന്നും സമാഹരിച്ച തുക എങ്ങനെ വിനിയോഗിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്നുമാണ് നിക്ഷേപകരുടെ പ്രധാന പരാതി.

ഇരിട്ടിയിലെ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ ഭാരവാഹികളായുള്ള ഈ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനാണ്. കോളേജിനായി പണം പിരിക്കുന്നതിൽ കാണിച്ച ഉത്സാഹം പദ്ധതി നടപ്പിലാക്കുന്നതിൽ ഭാരവാഹികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ജോസഫ് തോമസും വിമർശിച്ചു. വിഷയം പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നിക്ഷേപകരുടെ ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ സൊസൈറ്റി പ്രസിഡന്റ് ബിനോയ് കുര്യൻ, കോളേജ് നിർമാണത്തിനായി ഇരിട്ടി നഗരത്തോട് ചേർന്ന് ഭൂമി വാങ്ങിയിട്ടുണ്ടെന്നും പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും വിശദീകരിച്ചു. എന്നാൽ വാങ്ങിയ ഭൂമി എവിടെയാണെന്ന കൃത്യമായ വിവരങ്ങളും രേഖകളും നിക്ഷേപകർക്ക് മുന്നിൽ വെച്ച് സുതാര്യത ഉറപ്പാക്കാൻ സി.പി.എം നേതൃത്വത്തിന് ബാധ്യതയുണ്ടെന്ന് നിക്ഷേപകർ ശക്തമായി ആവശ്യപ്പെടുന്നു.

Related Articles

- Advertisement -spot_img

Latest Articles