സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിലെ കാന്തപുരത്തിന്റെ പരാമർശം: പിന്തുണച്ച് സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് സംബന്ധിച്ച് സമസ്ത കാന്തപുരം വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നടത്തിയ പ്രസ്താവനയെ പിന്തുണച്ച് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നിലവിലെ സാമൂഹികാന്തരീക്ഷവും സ്ത്രീ സുരക്ഷയും ഉദ്ദേശിച്ചുകൊണ്ടായിരിക്കാം കാന്തപുരം അത്തരം ഒരു പരാമർശം നടത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ പൊതുവായ അവസ്ഥയെ ആസ്പദമാക്കിയാകും അദ്ദേഹം സംസാരിച്ചിട്ടുണ്ടാവുകയെന്നും, സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള അഭിപ്രായ പ്രകടനങ്ങളെയും സമൂഹത്തിന്റെ നന്മയ്ക്കായുള്ള നിലപാടുകളെയും ചേർത്തുപിടിക്കുകയാണ് വേണ്ടതെന്നും തങ്ങൾ വ്യക്തമാക്കി. സമുദായ ഐക്യവും സാമൂഹ്യ സൗഹാർദ്ദവും കാത്തുസൂക്ഷിക്കാൻ മുസ്‍ലിം ലീഗ് എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും, ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാണ് ഇസ്‌ലാം മതം പർദ്ദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളതെന്നുമായിരുന്നു കഴിഞ്ഞ ദിവസം കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ പ്രസ്താവിച്ചത്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും ഇസ്‌ലാം മതത്തെക്കുറിച്ച് വിപുലമായി പഠിച്ച വ്യക്തിയെന്ന നിലയിൽ മുസ്‌ലിം സമുദായ കാര്യങ്ങളിൽ നിലപാടുകൾ വ്യക്തമാക്കാൻ തനിക്ക് പൂർണ്ണ അധികാരമുണ്ടെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവന വൻ ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് സാദിഖലി തങ്ങൾ പ്രതികരണവുമായി രംഗത്തെത്തിയത്.

Related Articles

- Advertisement -spot_img

Latest Articles