പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ ആശങ്കയുയർത്തി പുതിയ കണ്ടെത്തൽ. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷത്തെ കാലപ്പഴക്കം മാത്രമേയുള്ളൂവെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായതായി റിപ്പോർട്ട്. ശിൽപം സ്വർണം പൂശി തിരികെ നൽകിയ കേസിലെ പ്രധാന പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, യഥാർത്ഥ പഴയ ചെമ്പുപാളി തന്നെ മാറ്റി പകരം പുതിയത് സ്ഥാപിച്ചതാണോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ അളവും ചെമ്പുപാളികളുടെ യഥാർത്ഥ കാലപ്പഴക്കവും തിട്ടപ്പെടുത്തുന്നതിനായി ശിൽപത്തിന്റെ സാമ്പിളുകൾ ജംഷഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് (NML) പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അതേസമയം, സ്വർണക്കൊള്ളയ്ക്ക് പുറമെ ശബരിമലയിലെ നെയ്യ് വിതരണത്തിലും വൻ സാമ്പത്തിക തട്ടിപ്പും ക്രമക്കേടും നടന്നതായി വിജിലൻസ് കണ്ടെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത വിജിലൻസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം സി.എൻ. അജികുമാർ എന്നിവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈകോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം വിജിലൻസ് എസ്.പി. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (SIT) നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിവരുന്നത്.



