യു.എസ് യുദ്ധക്കപ്പലുകൾക്ക് നേരെ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി ഇറാൻ; ആക്രമണം തടഞ്ഞെന്ന് അമേരിക്ക

ടെഹ്‌റാൻ: പേർഷ്യൻ ഉൾക്കടലിൽ അമേരിക്കൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലിനും ഡിസ്ട്രോയറിനും നേരെ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഇറാനിയൻ എണ്ണക്കപ്പലുകൾ തടസ്സപ്പെടുത്തുകയും ഉപരോധത്തിൽ പങ്കാളികളാകുകയും ചെയ്ത സാഹചര്യത്തിലാണ് ഐ.ആർ.ജി.സിയുടെ എയറോസ്‌പേസ് ഫോഴ്‌സ് ആക്രമണം നടത്തിയതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ആക്രമണത്തിൽ ഇരു യുദ്ധക്കപ്പലുകൾക്കും കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് അവ പ്രദേശം വിട്ടുപോവുകയും ചെയ്തതായി ഇറാൻ അവകാശപ്പെട്ടു.

അതേസമയം, ഇറാന്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് യു.എസ് സെൻട്രൽ കമാൻഡ് രംഗത്തെത്തി. മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന തങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ അയച്ചുവെങ്കിലും കപ്പലുകൾ വിജയകരമായി ആക്രമണത്തിൽ നിന്ന് ഒഴിവായെന്നും സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും സെന്റ്കോം അറിയിച്ചു. ഇതിന് തിരിച്ചടിയായി ഇറാന്റെ മൂന്ന് ക്രൂഡ് ഓയിൽ ടാങ്കറുകൾ തങ്ങൾ ആക്രമിച്ചതായി യു.എസ് സൈന്യം വ്യക്തമാക്കി.

ഇറാനിയൻ ടാങ്കറുകൾക്ക് നേരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി ഹോർമുസ് കടലിടുക്കിലെ മൂന്ന് എണ്ണക്കപ്പലുകളും മറ്റ് മേഖലകളിലെ മൂന്ന് യു.എസ് ബന്ധമുള്ള സമുദ്രയാനങ്ങളും തങ്ങൾ ലക്ഷ്യമിട്ടതായി ഐ.ആർ.ജി.സി ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു. യു.എസ് സൈനിക നടപടികൾ തുടരുകയാണെങ്കിൽ ഇറാന്റെ സായുധ സേനയിൽ നിന്ന് ഇതിലും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാനിലെ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം ആരംഭിച്ചതുമുതലാണ് മേഖലയിൽ രൂക്ഷമായ സൈനിക ഏറ്റുമുട്ടലുകൾ തുടരുന്നത്.

Related Articles

- Advertisement -spot_img

Latest Articles