കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചാനൽ ചർച്ച: അബ്ദുല്ല ബാസിലിനെതിരെ കേസ്; എഫ്.ഐ.ആർ റദ്ദാക്കണമെന്ന് സംഘടനകൾ

കൊച്ചി: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്ക് പിന്നാലെ ബിഗ് ടിവി അവതാരക അപർണ കുറുപ്പ് നൽകിയ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പോലീസ് കേസെടുത്തു. ചർച്ചയുടെ ഭാഗങ്ങൾ വളച്ചൊടിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും തനിക്കെതിരെ വധഭീഷണിയും ഭീഷണികളും ഉയർത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തെന്നാണ് പരാതി. ഭാരതീയ ന്യായ സംഹിതയിലെയും (ബി.എൻ.എസ്) ഐ.ടി ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.

അതേസമയം, കേസെടുത്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തി. അബ്ദുല്ല ബാസിലിനെതിരായ നടപടി കടുത്ത വിവേചനമാണെന്നും വ്യാജ പരാതിയിൽ പോലീസ് തിടുക്കപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ് ആരോപിച്ചു. എഫ്.ഐ.ആർ റദ്ദാക്കണമെന്നും അവതാരകയ്ക്കെതിരായ പരാതിയിൽ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോലീസ് നടപടി കേട്ടുകേൾവിയില്ലാത്തതാണെന്നും ഇസ്‌ലാമോഫോബിയ വളർത്തുന്നവർക്കെതിരെ പ്രതികരിക്കുന്നവരെ വേട്ടയാടാൻ അനുവദിക്കില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, സോളിഡാരിറ്റി ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ, എസ്.ഐ.ഒ എന്നിവർ വ്യക്തമാക്കി. കാന്തപുരത്തെ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാതെ വിമർശനം ഉന്നയിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നത് അനീതിയാണെന്നും കേസ് പിൻവലിക്കാൻ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles