സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടർന്നേക്കും; അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു, കെ.എസ്.ഇ.ബി മുന്നറിയിപ്പ്

തിരുവനന്തപുരം: മഴ കുറയുകയും സംസ്ഥാനത്തുടനീളം ചൂട് പരിധിവിട്ട് ഉയരുകയും ചെയ്തതോടെ വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യതയെന്ന് സൂചന. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി.

നിലവിൽ പ്രതിദിന വൈദ്യുതി ഉപയോഗം 94 ദശലക്ഷം യൂണിറ്റെന്ന ഉയർന്ന നിലയിലാണ്. അണക്കെട്ടുകളിൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് 80 ശതമാനം ജലസംഭരണം ഉണ്ടായ സ്ഥാനത്ത് ഇപ്പോൾ 64 ശതമാനം മാത്രമാണുള്ളത്. പ്രതീക്ഷിച്ച അളവിൽ നീരൊഴുക്ക് ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. അധിക വൈദ്യുതി കണ്ടെത്താനായി കെ.എസ്.ഇ.ബി ക്ഷണിച്ച ടെൻഡറുകൾ ഉയർന്ന നിരക്ക് കാരണം പരാജയപ്പെടുകയായിരുന്നു. യൂണിറ്റിന് പത്തു രൂപയെന്ന പരിധി നിശ്ചയിച്ചിരുന്നെങ്കിലും പല വിതരണ കമ്പനികളും ഉയർന്ന നിരക്കാണ് ആവശ്യപ്പെട്ടത്. കൂടാതെ, ഉപയോഗം കൂടുതലുള്ള പീക്ക് സമയങ്ങളിൽ വൈദ്യുതി നൽകാൻ കമ്പനികൾ മുന്നോട്ടുവരാത്തതും തിരിച്ചടിയായി.

നിലവിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ വൈദ്യുതി ഉപയോഗിച്ചാണ് വലിയ തടസ്സങ്ങളില്ലാതെ വിതരണം മുൻപോട്ടു കൊണ്ടുപോകുന്നത്. എന്നാൽ ഈ വൈദ്യുതി ഭാവിയിൽ തിരിച്ചുനൽകേണ്ടിവരുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടും. ആവശ്യകത ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ തത്സമയ വിപണിയിൽ നിന്ന് ഉയർന്ന വില നൽകിയാണ് നിലവിൽ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്.

Related Articles

- Advertisement -spot_img

Latest Articles