സനാ: യെമനിലെ റെഡ് സീ (ചെങ്കടൽ) തീരപ്രദേശങ്ങളുടെ പൂർണ്ണ നിയന്ത്രണം ഹൂതി വിമതർ പിടിച്ചെടുത്തു. സർക്കാർ സൈന്യത്തിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന അവസാന തീരദേശ മേഖലകളിലും 18 മണിക്കൂർ നീണ്ട ശക്തമായ ആക്രമണം പൂർത്തിയാക്കിയാണ് ഹൂതികൾ മുഴുവൻ തീരവും തങ്ങളുടെ അധീനതയിലാക്കിയത്.തന്ത്രപ്രധാനമായ മോഖ നഗരത്തിൽ നിന്നും സർക്കാർ സൈന്യം പിന്മാറിയതോടെ ഹൂതി പോരാളികൾ തെക്കൻ മേഖലയിലേക്ക് മുന്നേറുകയും, കാര്യമായ എതിർപ്പുകളില്ലാതെ ദൂബാബ്, സർക്കാരിന്റെ അവസാന തീരദേശ നഗരമായ മുറാദ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
ഇതിന് പിന്നാലെ സമുദ്ര മേഖലയിലേക്ക് നീങ്ങിയ ഹൂതി നാവികസേന ബാബ് അൽ-മന്ദേബ് കടലിടുക്കിലെ അതീവ പ്രാധാന്യമുള്ള മയ്യൂൺ ദ്വീപ് പിടിച്ചെടുത്തു. മേഖലയിലെ മറ്റൊരു പ്രമുഖ ദ്വീപ് ആയ സുഖാറിലും പ്രവേശിച്ച് ഹൂതികൾ നിയന്ത്രണം വ്യാപിപ്പിച്ചു വരികയാണ്. ആഗോള സമുദ്ര വ്യാപാരത്തിനും ഇന്ധന വിതരണത്തിനും തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ പിടിമുറുക്കിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.



