പ്രവാസി ക്ഷേമം ഉറപ്പാക്കും; തൊഴിൽ പ്രശ്നങ്ങളിലും പാസ്‌പോർട്ട് സേവനങ്ങളിലും നിർണായക പ്രഖ്യാപനവുമായി വിദേശകാര്യ സഹമന്ത്രി

റിയാദ്: സൗദി അറേബ്യയിലെ പ്രവാസി ഭാരതീയർ നേരിടുന്ന തൊഴിൽപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട സൗദി അധികൃതരുമായി ചർച്ച നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ, പരിസ്ഥിതി, കൃഷി സഹമന്ത്രി കീർത്തി വർധൻ സിങ് അറിയിച്ചു. പ്രത്യേകിച്ച് എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ് മേഖലകളിൽ പ്രവാസികൾ നേരിടുന്ന അക്രഡിറ്റേഷൻ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ സൗദി മാനവവിഭവശേഷി മന്ത്രാലയം, സൗദി എഞ്ചിനീയറിംഗ് കൗൺസിൽ, ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓർഗനൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട് വേഗത്തിൽ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ ഓൾ ഇന്ത്യ സ്റ്റിയറിംഗ് കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി മാനവവിഭവശേഷി വകുപ്പുമന്ത്രി എഞ്ചിനീയർ അഹമ്മദ് സുലൈമാൻ അൽറാജ്ഹിയുമായി നടത്തിയ ചർച്ചയിൽ, സൗദിയിലെ വിവിധ വികസന പദ്ധതികളിലേക്ക് ഇനിയും കൂടുതൽ ഇന്ത്യൻ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായി മന്ത്രി അറിയിച്ചു. വ്യാപാര, തൊഴിൽ, സാങ്കേതിക, സൈനിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ മികച്ച ബന്ധമാണുള്ളത്.

പ്രവാസികൾക്ക് പാസ്‌പോർട്ടുകൾ വേഗത്തിൽ പുതുക്കി നൽകാനുള്ള നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി പാസ്‌പോർട്ടിന്റെ കാലാവധി അവസാനിക്കുന്നതിന് ആറു മാസം മുൻപ് മൊബൈലിൽ സന്ദേശം ലഭിക്കുന്ന രീതിയിലുള്ള സംവിധാനം ഏർപ്പെടുത്തും. കൂടാതെ, പാസ്‌പോർട്ട് പുതുക്കുമ്പോൾ നാട്ടിൽ പോലീസ് എൻക്വയറി വൈകുന്നത് സംബന്ധിച്ച പരാതികൾ പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

നിലവിൽ 27 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. ഇവരുടെ ക്ഷേമപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ എംബസിയിലും കോൺസുലേറ്റിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കേന്ദ്രസർക്കാരുമായി ആലോചിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യ-സൗദി ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രവാസി സമൂഹത്തിന്റെ പങ്ക് പ്രശംസനീയമാണ്. വാണിജ്യം, നിക്ഷേപം, ഊർജ്ജം, സംസ്കാരം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ പ്രവാസികൾ നൽകുന്ന സംഭാവനകൾ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ അംബാസഡർ വിപുൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. പ്രവാസി ഭാരതീയ സമ്മാൻ ജേതാവും സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ ശിഹാബ് കൊട്ടുകാട് മന്ത്രിയെ ഉപഹാരം നൽകി ആദരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles