ന്യൂഡൽഹി: ബി.ജെ.പി വക്താവും മുതിർന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച അധിക്ഷേപകരമായ പോസ്റ്റുകൾ 24 മണിക്കൂറിനകം നീക്കം ചെയ്യാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾക്ക് ദൽഹി ഹൈക്കോടതി നിർദേശം നൽകി. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ ഗ്രാഫിക് പോസ്റ്റുകളിലൂടെ തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാട്ടിയ നൽകിയ രണ്ട് കോടി രൂപയുടെ മാനനഷ്ടക്കേസിലാണ് ജസ്റ്റിസ് തുഷാർ റാവു ഗെഡേലയുടെ ഉത്തരവ്.
സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ ഉന്നയിക്കപ്പെട്ട പോസ്റ്റുകൾ പിൻവലിക്കാമെന്ന് കോടതിയിൽ ഉറപ്പുനൽകിയതിനെ തുടർന്നാണ് ഹൈക്കോടതി ഉത്തരവ് രേഖപ്പെടുത്തിയത്. പോസ്റ്റുകൾ നീക്കാൻ ദാസിനും റാങ്കയ്ക്കും നിർദേശം നൽകിയ കോടതി, കേസിൽ ആരോപണവിധേയരായ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് സമൻസ് അയക്കുകയും മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞതായി വ്യാജ പ്രസ്താവനകൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്നും, മാധ്യമസ്ഥാപനങ്ങളുടെ ലോഗോ ഉപയോഗിച്ച് വിശ്വസനീയത വരുത്താനാണ് ഇവർ ശ്രമിച്ചതെന്നും കേസിൽ നേരിട്ട് ഹാജരായ ഗൗരവ് ഭാട്ടിയ വാദിച്ചു.
വിമർശിക്കാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ടെങ്കിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയായ രീതിയിലുള്ള പ്രതിഷേധമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഭാവിയിൽ ഭാട്ടിയക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ മെറ്റാ, എക്സ് (ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ നേരിട്ട് സമീപിച്ച് നീക്കം ചെയ്യാൻ കോടതി അനുമതി നൽകി. ഉത്തരവ് കൃത്യമായി പാലിക്കാത്തപക്ഷം അടുത്ത ഘട്ടത്തിൽ കർശനമായ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നും കോടതി ഓർമിപ്പിച്ചു.



