പട്ടാമ്പിയിൽ ക്ഷേത്രത്തിൽ മോഷണം: ബി.ജെ.പി നേതാക്കൾക്കെതിരെ കേസ്

പാലക്കാട്: പട്ടാമ്പി കൊപ്പത്തിന് സമീപമുള്ള എറയൂർ ശ്രീ തിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ ബി.ജെ.പി നേതാക്കൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബി.ജെ.പി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരൻ, ബി.ജെ.പി മുൻ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് കൊപ്പം പോലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തിയത്.

ഈ മാസം മൂന്നിനാണ് സംഭവം നടന്നത്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകൾ കറുത്ത തുണികൊണ്ട് മറച്ച ശേഷം പ്രതികൾ ഇരുമ്പ് ഗ്രില്ലും പൈപ്പുകളും മുറിച്ചുകടത്തുകയായിരുന്നു. എന്നാൽ, ക്യാമറ കറുത്ത തുണികൊണ്ട് മറയ്ക്കുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ സി.സി.ടി.വിയിൽ കൃത്യമായി പതിഞ്ഞതാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്.

ക്ഷേത്ര വളപ്പിൽ അതിക്രമിച്ച് കയറിയ പ്രതികൾ പാട്ടുകൊട്ടിലിനും ഓഡിറ്റോറിയത്തിനും ഇടയിലുള്ള ഭാഗത്ത് സ്ഥാപിച്ചിരുന്ന പൂട്ടും ഇരുമ്പ് സ്‌ക്വയർ പൈപ്പും അറുത്തുമാറ്റി കടത്തിക്കൊണ്ടുപോയി. ഏകദേശം 6,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പോലീസ് വ്യക്തമാക്കി. ക്ഷേത്ര ഭൂമിയിലൂടെയുള്ള വഴിയിലൂടെ ഗതാഗതം അനുവദിക്കാത്തതിലുള്ള വ്യക്തിവൈരാഗ്യവും വിരോധവുമാണ് മോഷണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് കൊപ്പം പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles