രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ നിന്നും കേരളം എന്നും വേറിട്ട് നിൽക്കുന്നു; കപിൽ സിബൽ

കൊച്ചി: രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ നഗ്നമായ രൂപങ്ങളിൽ നിന്ന് കേരളം എന്നും വേറിട്ടുനിൽക്കുന്നത് ഇവിടുത്തെ ശക്തമായ രാഷ്ട്രീയ സംസ്കാരവും ജനങ്ങളുടെ ജാഗ്രതയും കൊണ്ടാണെന്ന് പ്രമുഖ അഭിഭാഷകനും രാജ്യസഭ എം.പിയുമായ കപിൽ സിബൽ. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ 15-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ‘കുതിരക്കച്ചവടവും ജനാധിപത്യവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ന് രാഷ്ട്രീയ കുതിരക്കച്ചവടം റിസോർട്ടുകളിൽ കൈമാറുന്ന പണത്തിലോ വാഗ്ദാനം ചെയ്യപ്പെടുന്ന പദവികളിലോ മാത്രം ഒതുങ്ങുന്നില്ലെന്നും കേന്ദ്ര അന്വേഷണ ഏജൻസികളെ അതിനായുള്ള ഉപാധിയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2014 മുതൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ട 25 പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയിൽ ചേർന്നുവെന്നും, അതിൽ 23 പേരുടെയും കേസുകൾ മരവിപ്പിക്കുകയോ റദ്ദാക്കുകയോ അന്വേഷണം മന്ദഗതിയിലാക്കുകയോ ചെയ്തിട്ടുണ്ടെന്നും കണക്കുകൾ നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആമുഖം വാഗ്ദാനം ചെയ്യുന്ന ജനാധിപത്യ റിപ്പബ്ലിക് എന്നത് കേവലം തെരഞ്ഞെടുപ്പ് നടത്തുന്നതുകൊണ്ട് മാത്രം സാക്ഷാത്കരിക്കപ്പെടില്ലെന്നും തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോഴാണ് അത് പൂർണ്ണമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂറുമാറ്റ നിരോധന നിയമങ്ങളും കോടതിവിധികളും നിലവിൽ വന്നതോടെ കുതിരക്കച്ചവടം പുതിയ രൂപങ്ങൾ കൈവരിച്ചിരിക്കുകയാണ്. ജനപ്രതിനിധികളെ സംഘടിതമായി വിലക്കെടുക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്ത് തെരഞ്ഞെടുപ്പിലെ ജനവിധിയെ അട്ടിമറിക്കുന്ന പ്രവണത ചിലപ്പോൾ ‘ലയനം’ എന്ന മാന്യമായ പേരിൽ പോലും അരങ്ങേറുന്നു. ഇത് ഒരു സർക്കാരിന്റെ നിലനിൽപ്പിനെ മാത്രമല്ല ബാധിക്കുന്നത്; ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, മണ്ഡല പുനർനിർണ്ണയം, ഭരണഘടനാ ഭേദഗതികൾ എന്നിവയ്ക്ക് ആവശ്യമായ പ്രത്യേക ഭൂരിപക്ഷം ലക്ഷ്യമിടുന്ന ‘മിഷൻ 362’ പോലെയുള്ള രാഷ്ട്രീയ നീക്കങ്ങൾക്കും ഇത് ദുരുപയോഗം ചെയ്യപ്പെടാമെന്ന് കപിൽ സിബൽ മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles