കോഴിക്കോട്: സി.പി.എം വിപുലീകൃത സംസ്ഥാന സമിതിയിൽ സംസ്ഥാന നേതൃത്വം അവതരിപ്പിച്ച തെറ്റുതിരുത്തൽ കരടുരേഖയ്ക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി കണ്ണൂർ ജില്ലാ കമ്മിറ്റി. തിരിച്ചടികളിൽ നേതൃത്വത്തിന് വീഴ്ച പറ്റിയില്ലേയെന്നും പ്രാദേശിക ഘടകങ്ങളെയും അണികളെയും മാത്രം പഴിചാരി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരാജയങ്ങൾ മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്നും പൊതുചർച്ചയിൽ കണ്ണൂരിൽ നിന്നുള്ള പ്രതിനിധികൾ ചോദ്യമുയർത്തി. ആഴത്തിലുള്ള തിരുത്തലുകൾക്ക് ഈ രേഖ പര്യാപ്തമല്ലെന്ന് വ്യക്തമാക്കിയ ജില്ലാ കമ്മിറ്റി, സംസ്ഥാന നേതൃത്വത്തിന് സംഭവിച്ച വീഴ്ചകൾ എന്തുകൊണ്ട് രേഖയിൽ നിരത്തുന്നില്ലെന്നും ആരാഞ്ഞു.
തോൽവിയുടെ കാരണങ്ങൾ ആവർത്തിക്കുന്നതിന് പകരം പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങളാണ് അടിയന്തരമായി നിർദ്ദേശിക്കേണ്ടതെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ചർച്ചയിൽ നിലപാടെടുത്തു. യോഗത്തിൽ പങ്കെടുത്ത മൂന്ന് ജില്ലാ കമ്മിറ്റികളും തെറ്റുതിരുത്തൽ പ്രക്രിയ വെറും കടലാസ് തീരുമാനങ്ങളിൽ ഒതുങ്ങാതെ താഴേത്തട്ടിൽ നടപ്പിലാക്കാൻ ശക്തമായ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടു. തീരുമാനങ്ങൾ ബ്രാഞ്ച് തലം വരെ എങ്ങനെ നടപ്പാകുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കണമെന്ന് പൊതുചർച്ചയിൽ അഭിപ്രായമുയർന്നു. തിങ്കളാഴ്ചയും പൊതുചർച്ച തുടരുന്നതാണ്.
അതേസമയം, വിപുലീകൃത സമിതിയിലെ പൊതുചർച്ചയിൽ നേതൃത്വം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വ്യക്തിഗത അഭിപ്രായങ്ങൾ ഒഴിവാക്കി ഗ്രൂപ്പ് ചർച്ചകളിൽ ഉരുത്തിരിഞ്ഞ വിഷയങ്ങൾ മാത്രം അവതരിപ്പിച്ചാൽ മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. കൂടാതെ, നിലവിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്ന വ്യവസ്ഥയും ഇതിനകം വിവാദമായിട്ടുണ്ട്. തിരുത്തൽ മാർഗ്ഗരേഖ തയ്യാറാക്കുന്ന ഈ സുപ്രധാന യോഗത്തിൽ മുതിർന്ന നേതാക്കളെ വിലക്കുന്നത് യഥാർത്ഥ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുമെന്നാണ് വിമർശനം.
അതിനിടെ, മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുണ്ടായ ഇ.ഡി നീക്കം പാർട്ടിയെ രാഷ്ട്രീയമായി ദുർബലപ്പെടുത്താനാണെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ പാളിച്ചകളെക്കുറിച്ച് പൊതുവായ പ്രസ്താവന മാത്രമാണ് രേഖയിലുള്ളത്. വിവാദങ്ങൾ ഉയർന്ന തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളുടെ പേരുകൾ എടുത്തുപറയാൻ നേതൃത്വം തയ്യാറായില്ലെന്നതും പാർട്ടിയിലെ ഒരുവിഭാഗം നേതാക്കളിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.



