ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അത്യാധുനിക എം.ക്യു-1 (MQ-1) ഡ്രോൺ നിരീക്ഷിച്ച് തകർത്തതായി ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വെളിപ്പെടുത്തി. ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം (Tasnim) ആണ് ഐ.ആർ.ജി.സിയുടെ ഔദ്യോഗിക പ്രസ്താവന ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്.
രാജ്യത്തിന്റെ നവീകരിച്ച പുതിയ വ്യോമ പ്രതിരോധ സംവിധാനം (Aerospace Defence System) ഉപയോഗിച്ചാണ് മിനിറ്റുകൾക്ക് മുൻപ് ഡ്രോൺ വിജയകരമായി പ്രതിരോധിച്ചതും തകർത്തതുമെന്ന് ഐ.ആർ.ജി.സി വ്യക്തമാക്കുന്നു.
വ്യോമാതിർത്തി ലംഘിച്ചെത്തുന്ന ഏതൊരു വിദേശ വിമാനത്തെയും പ്രതിരോധിക്കാൻ തങ്ങളുടെ സൈന്യം സദാ സജ്ജമാണെന്നും പ്രസ്താവനയിൽ പറയുന്നു.ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന അന്താരാഷ്ട്ര സമുദ്ര പാതകളിൽ ഇറാനും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യങ്ങളും സൈനിക നീക്കങ്ങളും ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭവവികാസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



