ഖജനാവ് ചോർത്തി ഇറാൻ യുദ്ധം: അമേരിക്കയ്ക്ക് നഷ്ടം 3,800 കോടി ഡോളർ; തിരിച്ചടി കടുക്കുന്നു

വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികൾ അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാകുന്നു. യുദ്ധത്തിനായി ഇതുവരെ യു.എസ് ചെലവഴിച്ചത് 3,800 കോടി ഡോളറോളമെന്ന് (ഏകദേശം 38 ബില്യൺ ഡോളർ) യു.എസ് കൺഗ്രഷണൽ ബജറ്റ് ഓഫീസിന്റെ (സി.ബി.ഒ) ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഘർഷം രൂക്ഷമായി തുടരുകയാണെങ്കിൽ പ്രതിരോധ വകുപ്പിന് (പെന്റഗൺ) ഇനി പ്രതിമാസം 200 മുതൽ 300 കോടി ഡോളർ വരെ അധികച്ചെലവ് വേണ്ടിവരുമെന്നാണ് യു.എസ് കൺഗ്രസിന്റെ സ്വതന്ത്ര ബജറ്റ് പരിശോധനാ ഏജൻസിയായ സി.ബി.ഒ നൽകുന്ന മുന്നറിയിപ്പ്.

ഇറാനെതിരായ സൈനിക നീക്കങ്ങൾ യു.എസിന്റെ പ്രതിരോധ വിഭവങ്ങളിലും പ്രത്യേകിച്ച് മിസൈൽ പ്രതിരോധ സംവിധാനങ്ങളിലും കടുത്ത സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചെലവഴിച്ച ആയുധ ശേഖരം പുനഃസ്ഥാപിക്കുന്നതിനാണ് തുകയുടെ ഭൂരിഭാഗവും (2,170 കോടി ഡോളർ) ഉപയോഗിക്കേണ്ടി വന്നത്. ഇതിൽ മിസൈൽ ഡിഫൻസ് ഇന്റർസെപ്റ്ററുകൾക്കായി 1,310 കോടി ഡോളറും ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലുകൾക്കായി 730 കോടി ഡോളറും ഉൾപ്പെടുന്നു. ഇതുകൂടാതെ അധിക വിമാന സർവീസുകൾക്കായി 1,040 കോടി ഡോളറും, ഇന്ധനച്ചെലവുകൾക്കായി 270 കോടി ഡോളറും, തകർന്ന യുദ്ധോപകരണങ്ങൾക്ക് പകരമായി 190 കോടി ഡോളറും പെന്റഗൺ ചെലവഴിച്ചു.

നേരിട്ടുള്ള സൈനിക ചെലവുകൾക്ക് പുറമെ, ഹോർമൂസ് കടലിടുക്കിലുണ്ടായ സംഘർഷങ്ങളും എണ്ണക്കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടായ ആക്രമണങ്ങളും ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാനും യു.എസിൽ കനത്ത നാണ്യപ്പെരുപ്പത്തിനും കാരണമായിട്ടുണ്ട്. ഈ ആഘാതം യു.എസിലെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയർത്തിയെന്നും, ഇത് സർക്കാരിന്റെ കടമെടുപ്പ് ചെലവുകൾ ഭീമമായി വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം, തകർന്ന സൈനിക താവളങ്ങളുടെ പുനർനിർമ്മാണം, യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ ദീർഘകാല ആരോഗ്യ പരിചരണം, നയതന്ത്ര ചെലവുകൾ എന്നിവ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ അമേരിക്കൻ ഖജനാവിനുണ്ടാകുന്ന യഥാർത്ഥ ബാധ്യത ഇതിലും എത്രയോ ഇരട്ടിയായിരിക്കുമെന്നാണ് വിലയിരുത്തൽ.

Related Articles

- Advertisement -spot_img

Latest Articles