അനധികൃത മദ്യശേഖരം: റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു

കൊച്ചി: അളവിൽ കവിഞ്ഞ മദ്യശേഖരം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് വൻ അനധികൃത മദ്യശേഖരം കണ്ടെടുത്തതിന് പിന്നാലെയാണ് എക്സൈസ് നടപടി. കൊച്ചിയിലെ ഓഫീസിലെത്തി എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ച പ്രതിയെ കേസിന്റെ തുടർന്നുള്ള നടപടികൾക്കായി വയനാട്ടിലേക്ക് കൊണ്ടുപോകുമെന്നും സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും എക്സൈസ് അറിയിച്ചു.

അബ്കാരി ആക്ടിലെ 55 (എ), 55 (ഐ), 58 എന്നീ ഗുരുതര ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് കേസെടുത്തിട്ടുള്ളത്. എഫ്.ഐ.ആറിന്റെ ഹാർഡ് കോപ്പി കാണാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് ആന്റോ വാശിപിടിച്ചതിനെ തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌ കുമാർ എഫ്.ഐ.ആർ പ്രിന്റൗട്ടുമായി എത്തിയ ശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്. ഒരാൾക്ക് കൈവശം വെയ്ക്കാവുന്ന നിയമപരമായ പരിധിയേക്കാൾ വളരെ ഉയർന്ന അളവിലുള്ള മദ്യശേഖരമാണ് എക്സൈസ് പിടിച്ചെടുത്തത്. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ വൈൻ എന്നിവയ്ക്ക് പുറമെ ഇന്ത്യയിൽ വിൽപ്പനാനുമതിയില്ലാത്ത മദ്യക്കുപ്പികളും ഇയാളുടെ വയനാട്ടിലെ വീട്ടിലെ പ്രത്യേക മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ലയണൽ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തൃക്കാക്കര എ.സി.പി ബിജോയ്‌ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) റിപ്പോർട്ടർ ടി.വി ഓഫീസിൽ നടത്തിവന്ന മിന്നൽ പരിശോധന അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് എക്സൈസ് സംഘം അറസ്റ്റിനായി സ്ഥലത്തെത്തിയത്. ബുധനാഴ്ച രാവിലെ ആറു മണിക്ക് ആരംഭിച്ച പോലീസ് റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെയാണ് അവസാനിച്ചത്. 20 മണിക്കൂറിലേറെ നീണ്ട റെയ്ഡിൽ മെമ്മറി കാർഡുകൾ, കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ, 6,300 അമേരിക്കൻ ഡോളർ എന്നിവ എസ്.ഐ.ടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles