റഷ്യൻ എണ്ണ വാങ്ങിയാൽ 100% നികുതി തല്ല്! ഇന്ത്യയ്ക്ക് കടുപ്പമേറി യു.എസ് ഉപരോധ ബിൽ

വാഷിങ്ടൺ: റഷ്യൻ ക്രൂഡ് ഓയിലും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ (താരിഫ്) ഏർപ്പെടുത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന വിപുലമായ സാമ്പത്തിക ഉപരോധ ബിൽ യു.എസ് ജനപ്രതിനിധിസഭ പാസാക്കി. 159-നെതിരെ 262 വോട്ടുകൾക്കാണ് സഭയിൽ ബിൽ പാസായത്. ‘ദി ലിൻഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ എന്ന ഈ ചരിത്ര ബിൽ നേരത്തെ സെനറ്റ് പാസാക്കിയിരുന്നു. ട്രംപ് കൂടി ഒപ്പുവെക്കുന്നതോടെ ഇത് ഔദ്യോഗിക നിയമമായി മാറും.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് സാമ്പത്തിക സ്രോതസ്സാകുന്ന ഊർജ വിപണിയെ തകർക്കുകയും, ക്രെംലിനെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ വ്ളാഡിമിർ പുടിന് മേൽ പരമാവധി സമ്മർദ്ദം ചെലുത്തുകയുമാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. റഷ്യൻ എണ്ണ കയറ്റുമതി ചെയ്യുന്ന ‘ഷാഡോ ഫ്ലീറ്റുകൾ’, പ്രതിരോധ മേഖല, ഇറാൻ എന്നിവയ്ക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമനിർമാണം. ബിൽ പാസാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ യാന്ത്രികമായി താരിഫ് നിലവിൽ വരില്ലെങ്കിലും, ആവശ്യമെങ്കിൽ ഉപരോധ നടപടിയെന്ന നിലയിൽ 100% വരെ നികുതി ഏർപ്പെടുത്താനുള്ള വിപുലമായ ആഭ്യന്തര അധികാരം ട്രംപിന് ലഭിക്കും.

യുക്രെയ്ൻ യുദ്ധാനന്തരം റഷ്യൻ ക്രൂഡ് ഓയിലിന്റെ ലോകത്തിലെ തന്നെ പ്രധാന ഉപഭോക്താക്കളായി തുടരുന്ന ഇന്ത്യയ്ക്ക് ബിൽ വലിയ നയതന്ത്ര-വ്യാപാര വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ തീരുമാനത്തിലൂടെ യു.എസുമായുള്ള ഇന്ത്യയുടെ വ്യാപാര-ഊർജ ബന്ധങ്ങളിൽ കടുത്ത അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്. എന്നാൽ ഒരു പ്രസിഡന്റിലേക്ക് ഇത്രയും ഉയർന്ന അളവിലുള്ള താരിഫ് അധികാരം നൽകുന്നതിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങൾ പ്രതിപക്ഷ ബഹളം ഉയർത്തിയെങ്കിലും ഭൂരിപക്ഷത്തോടെ റിപ്പബ്ലിക്കന്മാർ ബിൽ പാസാക്കുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles