ദമ്മാം: പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ ദമ്മാമിലുള്ള തൊഴിലിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം മൈനാഗപ്പള്ളി വടക്ക് മഠത്തിൽ സുരേഷ് കുമാർ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയ സുഹൃത്തുക്കളാണ് സുരേഷ് കുമാറിനെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 27 വർഷമായി ദമ്മാമിൽ പ്ലംബർ, ഇലക്ട്രീഷ്യൻ ജോലികൾ ചെയ്തുവരികയായിരുന്നു അദ്ദേഹം.
ജയലക്ഷ്മിയാണ് മരിച്ച സുരേഷ് കുമാറിന്റെ ഭാര്യ. പ്രണവ്, പവിത്ര എന്നിവർ മക്കളാണ്. നിലവിൽ ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർനടപടികൾ ലോക കേരള സഭാംഗം നാസ് വക്കത്തിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.



