കരീബിയനിലെ യു.എസ് ബോംബാക്രമണം: ‘മനുഷ്യാവകാശ ലംഘനമെന്ന്’ ഐക്യരാഷ്ട്രസഭ

ജനീവ: കരീബിയൻ കടലിലും പസഫിക് സമുദ്രത്തിലും മയക്കുമരുന്ന് കടത്തുന്നുവെന്ന് ആരോപിച്ച് സംശയമുള്ള ബോട്ടുകൾക്ക് നേരെ അമേരിക്ക നടത്തുന്ന മാരകമായ സൈനിക ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ‘മാനവികതയ്ക്കെതിരായ കുറ്റകൃത്യമായി’ (Crimes against humanity) കണക്കാക്കാമെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ-ഭീകരവിരുദ്ധ വിഭാഗം പ്രത്യേക പ്രതിനിധി (Special Rapporteur) ബെൻ സോൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് അമേരിക്കൻ നീക്കങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമുള്ളത്.

റിപ്പോർട്ട് അനുസരിച്ച്, 2025 സെപ്റ്റംബർ മുതൽ അന്താരാഷ്ട്ര സമുദ്ര അതിർത്തികളിൽ യു.എസ് സൈന്യം നടത്തിയ 68 ബോട്ട് ആക്രമണങ്ങളിൽ കുറഞ്ഞത് 223 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ‘നാർക്കോ-ടെററിസ്റ്റുകൾക്ക്’ (Narco-terrorists) എതിരെ തങ്ങളുടെ സ്വയം പ്രതിരോധത്തിന്റെ (Self-defence) ഭാഗമായാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും, ‘ഭീകര സംഘടനകൾക്ക്’ എതിരായ സായുധ പോരാട്ടമാണിതെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പെന്റഗണും വാദിക്കുന്നുണ്ടെങ്കിലും ഐക്യരാഷ്ട്രസഭ ഈ ന്യായീകരണം പൂർണ്ണമായി തള്ളി. മയക്കുമരുന്ന് കടത്ത് എന്നത് സ്വയം പ്രതിരോധത്തിനായി സൈനികശക്തി ഉപയോഗിക്കാൻ അനുമതി നൽകുന്ന സായുധ ആക്രമണങ്ങളുടെ ഗണത്തിൽ പെടുത്തിക്കൂടായെന്ന് ബെൻ സോൾ വ്യക്തമാക്കി.

ആസൂത്രിതമായും തുടർച്ചയായും നടപ്പിലാക്കുന്ന ഇത്തരം കൊലപാതകങ്ങൾ നിയമവിരുദ്ധവും പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംശയിക്കപ്പെടുന്നവരെ തടയാൻ ബദൽ മാർഗ്ഗങ്ങൾ നിലനിൽക്കെ നേരിട്ട് വധിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവിട്ട രാഷ്ട്രീയ-സൈനിക തലവന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും ഐക്യരാഷ്ട്രസഭാ റിപ്പോർട്ട് ആവശ്യപ്പെട്ടു. കൂടാതെ, വൻതോതിൽ അമേരിക്കൻ ഫണ്ട് ചെലവഴിച്ച് നടത്തുന്ന ഈ സൈനിക നീക്കങ്ങൾ ലഹരിമരുന്ന് മാഫിയയുടെ ശൃംഖല തകർക്കുന്നതിൽ പൂർണ്ണ പരാജയമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

Related Articles

- Advertisement -spot_img

Latest Articles