കാസറഗോഡ്: യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറിയെ സ്വന്തം ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊയ്നാച്ചി പറമ്പ കൊളങ്കുന്ന് സ്വദേശിയായ ഹരികൃഷ്ണനെയാണ് (32) പൊയ്നാച്ചിയിലുള്ള റിക്രൂട്ടിങ് ഏജൻസി ഓഫീസിന്റെ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസി നടത്തിവരികയായിരുന്നു ഹരികൃഷ്ണൻ.
തിങ്കളാഴ്ച വൈകുന്നേരം മുതൽ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. രാത്രി വൈകിയും ചൊവ്വാഴ്ച രാവിലെയുമായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അമ്മാവൻ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകുകയായിരുന്നു.
പോലീസ് ബന്ധുക്കളുടെ മൊഴിയെടുത്ത് ‘ആളെ കാണാനില്ല’ എന്ന വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനിടയിലാണ് ഹരികൃഷ്ണനെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വി. ജനാർദ്ദനൻ നായരുടെയും രമയുടെയും മകനാണ്. സഹോദരൻ: രവികുമാർ. ഹരികൃഷ്ണനെ മരണത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.



