റിയാദ്: പാരമ്പര്യ മഹിമയുടെയും അഭൂതപൂർവ്വമായ വികസന കുതിപ്പിന്റെയും സന്ദേശമുയർത്തി സൗദി അറേബ്യ 96-ാമത് ദേശീയ ദിനം വിപുലമായ ആഘോഷ പരിപാടികളോടെ ആഘോഷിക്കുന്നു. “നമ്മുടെ അഭിമാനം നമ്മുടെ പാരമ്പര്യത്തിലാണ്” (Our Pride is in Our Nature) എന്ന പ്രമേയത്തിലാണ് ഇത്തവണ രാജ്യമൊട്ടാകെ ആഘോഷങ്ങൾ നടക്കുന്നത്. 1932 സെപ്റ്റംബർ 23-ന് അബ്ദുൽ അസീസ് അൽ സൗദ് രാജാവ് നജ്ദ്, ഹിജാസ് എന്നീ പ്രദേശങ്ങളെ സംയോജിപ്പിച്ച് ‘കിംഗ്ഡം ഓഫ് സൗദി അറേബ്യ’ എന്ന പേരിൽ ഏകീകൃത രാഷ്ട്രം പ്രഖ്യാപിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം.
ദേശീയ ദിനത്തിന്റെ ഭാഗമായി ജനങ്ങൾക്കായി വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യത്തുടനീളം ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) ഒരുക്കിയിരിക്കുന്നത്. റിയാദ്, ജിദ്ദ, ദമാം തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ വ്യോമസേനയുടെ വർണ്ണാഭമായ എയർ ഷോകൾ, ലൈറ്റ് ഷോകൾ, സാസ്‌കാരിക പ്രകടനങ്ങൾ എന്നിവ നടക്കുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രവും വിഷൻ 2030-ന്റെ ഭാഗമായി കൈവരിച്ച നേട്ടങ്ങളും വിളിച്ചോതുന്ന ദീപാലങ്കാരങ്ങളാൽ പ്രമുഖ തെരുവുകളും കെട്ടിടങ്ങളും പച്ചപ്പട്ടണിഞ്ഞു നിൽക്കുകയാണ്.
സൗദി പൗരന്മാർക്കൊപ്പം ദശലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹവും അതിയായ ആവേശത്തോടെയാണ് ദേശീയ ദിനാഘോഷങ്ങളിൽ പങ്കുചേരുന്നത്. വാണിജ്യ സ്ഥാപനങ്ങളും പ്രമുഖ എയർലൈൻ കമ്പനികളും ദേശീയ ദിനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമീറിന്റെയും നേതൃത്വത്തിൽ രാജ്യം കൈവരിച്ച സമഗ്ര പുരോഗതിയുടെയും ആഗോളതലത്തിലുള്ള കരുത്തിന്റെയും സാക്ഷ്യപത്രമായാണ് ഈ 96-ാം ദേശീയ ദിനം മാറുന്നത്.



