ജിസാൻ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി “പോറ്റുന്ന നാടിന് ജീവരക്തം” എന്ന പ്രമേയത്തിൽ ഐ.സി.എഫ് ജിസാൻ റീജിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജിസാൻ ജനറൽ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് മാതൃകാപരമായ ഈ ജീവകാരുണ്യ പ്രവർത്തനം ഏകോപിപ്പിച്ചത്.
തങ്ങൾ തൊഴിലെടുത്ത് ജീവിക്കുന്ന രാജ്യത്തോടുള്ള പ്രതിബദ്ധതയും നന്ദിയും പ്രകടമാക്കി നിരവധി സന്നദ്ധ പ്രവർത്തകരാണ് രക്തദാനത്തിനായി മുന്നോട്ടുവന്നത്. ഐ.സി.എഫ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, ചാപ്റ്റർ സെക്രട്ടറി മുഹമ്മദ് ബിൻ സ്വാലിഹ് മഞ്ചേശ്വരം, റീജിയൻ പ്രസിഡന്റ് താഹ കിണാശ്ശേരി, സെക്രട്ടറി രെഹ്‌നാസ് കുറ്റിയാടി, മുസ്‌തഫ സഅദി ക്ലാരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാജ്യവ്യാപകമായി ഐ.സി.എഫ് സംഘടിപ്പിച്ചു വരുന്ന വിവിധ സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജിസാനിലും രക്തദാന ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയത്.



