വീര്യം കുറഞ്ഞ മദ്യത്തിന് പുതിയ മദ്യനയത്തിൽ അനുമതിയില്ലെന്ന് സൂചന; എതിർപ്പുമായി മദ്യവിരുദ്ധ സംഘടനകളും പൊതുജനങ്ങളും

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് പുതിയ മദ്യനയത്തിൽ അനുമതി നൽകിയേക്കില്ലെന്ന് സൂചന. മദ്യനയ രൂപീകരണത്തിന്റെ ഭാഗമായി നടന്ന ഉന്നതതല ചർച്ചകളിൽ ഉയർന്നുവന്ന ശക്തമായ എതിർപ്പുകളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് വകുപ്പിന്റെ ഈ പിൻമാറ്റം. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നിർദ്ദേശിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മദ്യലോബിയെ സഹായിക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുകയും സംസ്ഥാനത്ത് മദ്യം ഒഴുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് മദ്യവിരുദ്ധ, സാമുദായിക സംഘടനകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എക്സൈസ് മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ മദ്യവിരുദ്ധ സംഘടനകൾ, സാമുദായിക നേതാക്കൾ, മുൻ എക്സൈസ് മന്ത്രിമാർ, ബാർ തൊഴിലാളി പ്രതിനിധികൾ, പ്രമുഖ വ്യക്തികൾ എന്നിവരുമായി നടന്ന ചർച്ചകൾ അന്തിമഘട്ടത്തിലാണ്. വ്യാഴാഴ്ചയോടെ ചർച്ചകൾ പൂർത്തിയാക്കി ഒക്ടോബർ പകുതിയോടെ പുതിയ മദ്യനയത്തിന്റെ കരട് തയ്യാറാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. കരട് നയം പിന്നീട് യു.ഡി.എഫ് മുന്നണി യോഗത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ഇതുവരെ നടന്ന യോഗങ്ങളിലും എക്സൈസ് വകുപ്പ് നടത്തിയ ഓൺലൈൻ സർവേയിലും പങ്കെടുത്ത ഭൂരിഭാഗം പേരും വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകരുതെന്ന നിലപാടാണ് സ്വീകരിച്ചത്.

പുതിയ മദ്യനയത്തിൽ ബാർ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയേക്കും. കൂടാതെ, പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പങ്കാളിത്തം പുനഃസ്ഥാപിക്കാനും ആലോചനയുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പുതിയ ബാറുകൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ എൻ.ഒ.സി (NOC) നിർബന്ധമായിരുന്നുവെങ്കിലും പിണറായി സർക്കാരിന്റെ കാലത്ത് ഈ വ്യവസ്ഥ ഒഴിവാക്കിയിരുന്നു. ഈ എൻ.ഒ.സി നിബന്ധന തിരിച്ചുകൊണ്ടുവരാനാണ് പുതിയ മദ്യനയത്തിൽ നീക്കം നടക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles