ടെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് രാജ്യത്ത് സ്വീകരണമൊരുക്കിയ യു.എ.ഇ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇറാൻ. ‘ഗാസയിലെ കശാപ്പുകാരൻ’ എന്ന് നെതന്യാഹുവിനെ വിശേഷിപ്പിച്ച ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി, ഇസ്രായേലി പ്രധാനമന്ത്രിക്ക് ആതിഥ്യമരുളുന്നതിലൂടെ യു.എ.ഇ മേഖലയിലെ സുരക്ഷാ അന്തരീക്ഷം കൂടുതൽ വഷളാക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി.
നെതന്യാഹു അടുത്തിടെ അബുദാബിയിലേക്ക് നടത്തിയ രഹസ്യ സന്ദർശനത്തിന്റെയും യു.എ.ഇ ഭരണാധികാരികളുമായി നടത്തിയ ചർച്ചകളുടെയും റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. മേഖലയിൽ ഇസ്രായേലിന്റെ സാന്നിധ്യം വ്യാപിപ്പിക്കുന്നത് പ്രകോപനപരമാണെന്നും, ഇത് ഗൾഫ് മേഖലയിലെ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. സ്വന്തം പ്രദേശം ഇറാന് എതിരെ ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് അയൽരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടു.
ഗാസയിലെ വംശഹത്യക്കും കടുത്ത ആക്രമണങ്ങൾക്കും നേതൃത്വം നൽകുന്ന ഒരു നേതാവിനെ സ്വീകരിക്കുന്നത് വഴി യു.എ.ഇ അപകടകരമായ കളിക്കാണ് മുതിരുന്നതെന്ന് മൊഹ്സെൻ റെസായി കുറ്റപ്പെടുത്തി. മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വീണ്ടും അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നതാണ് ഇറാന്റെ പുതിയ മുന്നറിയിപ്പ്.



