‘കണ്ണുകൾ മൂടിക്കെട്ടി ഹോട്ടലിലെത്തിച്ചു, പത്രിക പിൻവലിക്കാൻ സമ്മർദ്ദം’; പോലീസിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി

കൊൽക്കത്ത: നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പോലീസ് ക്രൂരമായി ഭീഷണിപ്പെടുത്തിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാൻ. പ്രചാരണത്തിനിടെ തന്നെ സിവിൽ വസ്ത്രത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ ബലമായി കസ്റ്റഡിയിലെടുക്കുകയും കണ്ണുകൾ തോർത്ത് ഉപയോഗിച്ച് മൂടിക്കെട്ടി ഒരു ഹോട്ടലിലേക്ക് കൊണ്ടുപോകുകയുമായിരുന്നുവെന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ചാന്ദിപൂരിൽ വിശ്രമിക്കുമ്പോഴാണ് പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചതെന്ന് മിലൻ പ്രധാൻ പറഞ്ഞു. ഹോട്ടലിലെത്തിച്ച ശേഷം പത്രിക പിൻവലിച്ചാൽ ആവശ്യപ്പെടുന്നതെന്തും നൽകാമെന്ന് പോലീസ് ഉന്നതർ വാഗ്ദാനം ചെയ്തു. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും ഡി.എസ്.പിയും ഉൾപ്പെടെയുള്ളവർ അവിടെ ഉണ്ടായിരുന്നു. എന്നാൽ തന്റെ രാഷ്ട്രീയ തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ പുലർച്ചെ മൂന്ന് മണിയോടെ തിരികെ ചാന്ദിപൂർ പോലീസ് സ്റ്റേഷനിലെത്തിച്ച് പഴയ കേസുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വ്യാജ ഏറ്റുമുട്ടലിൽ തന്നെ വധിക്കുമോ എന്ന് പോലും ആ നിമിഷങ്ങളിൽ ഭയപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.

2007-ലെ പഴയ കേസ് ഉയർത്തിക്കാട്ടി മിലൻ പ്രധാനെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതോടെ കൊൽക്കത്ത ഹൈക്കോടതി ഇടപെട്ട് അദ്ദേഹത്തിന് മൂന്ന് ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. നീതിപീഠത്തിന്റെ ഉത്തരവോടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രധാൻ നന്ദിഗ്രാമിൽ പ്രചാരണം പുനരാരംഭിച്ചു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി സഞ്ചിത പ്രധാൻ ദേ പത്രിക പിൻവലിച്ച സാഹചര്യത്തിൽ പോലീസിനെ ഉപയോഗിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരരംഗത്ത് നിന്ന് പിന്തിരിപ്പിക്കാൻ ഭരണകൂടം ശ്രമിച്ചുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles