തെരഞ്ഞെടുപ്പ് ക്രമക്കേട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി വൻ പ്രതിഷേധ പരിപാടികൾക്ക് തുടക്കമാകുന്നു. ഗാന്ധിജയന്തി ദിനത്തിൽ ഡൽഹി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ പ്രതിപക്ഷ കക്ഷികളും കൊക്റോച്ച് ജനതാ പാർട്ടിയും വിവിധ സന്നദ്ധ സംഘടനകളും ആക്ടിവിസ്റ്റുകളും തെരുവിലിറങ്ങും. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കാനും കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുമാണ് സമരം.

കൊക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ മുംബൈയിലെ പ്രശസ്തമായ ശിവാജി പാർക്കിൽ നിന്നാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിടുന്നത്. ഈ സമരം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ, പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഇൻഡ്യാ (INDIA) സഖ്യം പ്രഖ്യാപിച്ച ജില്ലാ കളക്ടറേറ്റ് മാർച്ചുകളും ഇന്നുമുതൽ ആരംഭിക്കും. ഡൽഹിയിൽ കോൺഗ്രസ്, ഇൻഡ്യാ സഖ്യകക്ഷികൾ, യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് തുടങ്ങിയ പ്രതിപക്ഷ യുവജന പ്രസ്ഥാനങ്ങളും ഐസ (AISA) ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും സമരരംഗത്തുണ്ട്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലും ശക്തമായ പ്രതിഷേധ പരിപാടികൾ അരങ്ങേറും.

അതിനിടെ, രാജ്യതലസ്ഥാനത്ത് വിവിധ സംഘടനകൾ പ്രതിഷേധ റാലികൾക്ക് അനുമതി തേടിയെങ്കിലും ഡൽഹി പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാൽ, അനുമതി നിഷേധിച്ചാലും സമരം നിർത്തിവെക്കില്ലെന്നും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നുമാണ് സംഘടനകളുടെ നിലപാട്. വലിയ രീതിയിലുള്ള പ്രതിഷേധ സാധ്യതകൾ കണക്കിലെടുത്ത് ഡൽഹിയിൽ പോലീസ് സുരക്ഷ കടുപ്പിച്ചു. പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമാകാൻ സാധ്യതയുള്ള ജന്തർ മന്തർ പൂർണമായും പോലീസ് അടയ്ക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ നിർവചൻ സദന് മുന്നിൽ ശക്തമായ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതവും ജനസഞ്ചാരവും നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles