തെരുവിൽ മുഖാമുഖം അങ്കം കുറച്ച് മൂന്ന് മുന്നണികൾ; സംസ്ഥാനത്ത് മന്ത്രിമാർക്കും നേതാക്കൾക്കും നേരെ വ്യാപക അക്രമം

തിരുവനന്തപുരം: മുൻപെങ്ങുമില്ലാത്ത വിധം ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി ഓഫീസുകളും തെരുവിൽ നേരിട്ട് ആക്രമിക്കപ്പെടുന്ന അസാധാരണ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നു. കോൺഗ്രസ്, ബി.ജെ.പി, സി.പി.എം മുന്നണികളും പോഷക സംഘടനകളും ഒരേസമയം പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ യുദ്ധക്കളമായി മാറി. കൊല്ലത്ത് വി.ഐ.പി സന്ദർശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതോടെയാണ് പരസ്യമായ അക്രമ പരമ്പരകൾക്ക് തുടക്കമായത്. എസ്.ഐ.ആർ വിഷയത്തിൽ പൊതുജന രോഷം നേരിടുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നുവെന്നാരോപിച്ചായിരുന്നു അമിത് ഷായ്ക്കെതിരെ പ്രതിഷേധം നടന്നത്.

തുടർന്ന് അമിത് ഷായ്ക്കെതിരായ സമരം ചെറുക്കാൻ ഭരണപക്ഷ മന്ത്രിമാർക്കും മുഖ്യമന്ത്രിയ്ക്കുമെതിരെ പ്രതിഷേധവുമായി യുവമോർച്ച രംഗത്തെത്തുകയായിരുന്നു. മന്ത്രി കെ.എം. ഷാജിയുടെ വാഹനം തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് വച്ച് ബി.ജെ.പി – യുവമോർച്ച പ്രവർത്തകർ തടയുകയും മന്ത്രിയെ നടുറോഡിൽ ഇറക്കിവിടുകയും ചെയ്യുന്ന സാഹചര്യം വരെയുണ്ടായി. ഇതിന് മറുപടിയായി ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസിനെ നെയ്യാറ്റിൻകരയിൽ വച്ച് കോൺഗ്രസ് പ്രവർത്തകർ തടയുകയും ചെയ്തു. ഇതിനിടെ, യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി നടന്ന എസ്.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രകടനങ്ങളും കല്ലേറും തലസ്ഥാനത്തെ സംഘർഷം ഇരട്ടിയാക്കി. ഹോസ്റ്റലിൽ പോലീസ് കയറി വിദ്യാർത്ഥികളെ മർദ്ദിച്ചുവെന്ന് ആരോപിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പ്രതിഷേധം ശക്തമാക്കി. കണ്ണൂരിൽ വച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ. ജനീഷിന്റെ കാറിന് നേരെ നിരവധി തവണ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു.

അതേസമയം, സംസ്ഥാനത്ത് ബി.ജെ.പിയും സി.പി.എമ്മും ചേർന്ന് ക്രിമിനലുകളെ ഉപയോഗിച്ച് അക്രമസമരം നടത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. ജനശ്രദ്ധ തിരിക്കാനാണ് സി.പി.എം എസ്.എഫ്.ഐയെ ഉപയോഗിച്ച് അക്രമം കാട്ടുന്നതെന്നും മന്ത്രി ഒ.ജെ. ജനീഷിനെ തുടർച്ചയായി അക്രമിക്കാൻ ശ്രമിച്ചതിൽ നിന്ന് ഇത് വ്യക്തമാണെന്നും പത്തനംതിട്ടയിൽ അദ്ദേഹം പറഞ്ഞു. ഭരണപക്ഷ മന്ത്രിമാർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അതിശക്തമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകിയപ്പോൾ, മന്ത്രിമാർക്കെതിരായ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോജി എം. ജോണും, അക്രമരാഷ്ട്രീയം കോൺഗ്രസിന്റെ ശൈലിയല്ലെന്ന് മന്ത്രി പി.സി. വിഷ്ണുനാഥും വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles