ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം കനക്കുന്നു; മുംബൈയിൽ ജനസാഗരം, ഡൽഹിയിൽ 700-ലധികം പേർ കസ്റ്റഡിയിൽ

മുംബൈ/ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന് മുംബൈയിൽ തുടക്കമായി. സംഘർഷ സാധ്യത കണക്കിലെടുത്ത് ചരിത്രപ്രസിദ്ധമായ ശിവാജി പാർക്കിൽ ഒത്തുകൂടാൻ പോലീസ് അനുമതി നിഷേധിച്ചെങ്കിലും, വിലക്കുകൾ ലംഘിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരാണ് മുംബൈയിലേക്ക് ഒഴുകിയെത്തുന്നത്. വിദ്യാർത്ഥികൾ, അധ്യാപകർ, സാംസ്കാരിക പ്രവർത്തകർ, സിനിമാ താരങ്ങൾ, പ്രമുഖ സെലിബ്രിറ്റികൾ, പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രക്ഷോഭത്തിൽ പങ്കുചേരുമെന്നാണ് ലഭിക്കുന്ന വിവരം. പ്രക്ഷോഭ നേതാവ് അഭിജീത് ദീപ്‌കെ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

സാഹചര്യം വിലയിരുത്തി ദാദർ റെയിൽവേ സ്റ്റേഷനിലും ശിവാജി പാർക്ക് പരിസരത്തും കനത്ത സുരക്ഷയൊരുക്കിയ പോലീസ്, വൻ പോലീസ് സേനയ്ക്കു പുറമെ സി.ആർ.പി.എഫിനെയും (CRPF) വിന്യസിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കുക, വിവാദമായ എസ്.ഐ.ആർ (SIR) നടപടികൾ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിപക്ഷം സമരം കടുപ്പിക്കുന്നത്. അതേസമയം, രാജ്യതലസ്ഥാനമായ ഡൽഹിയിൽ സമരം തെരുവിലേക്ക് പടർന്നതോടെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ 700-ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആം ആദ്മി പാർട്ടി നേതാവ് അതിഷി, സി.പി.എം നേതാവ് ബൃന്ദ കാരാട്ട് തുടങ്ങിയ മുതിർന്ന നേതാക്കളടക്കം കസ്റ്റഡിയിലാണ്. രാവിലെയോടെ തന്നെ പ്രതിഷേധസ്ഥലത്തെത്തിയ ആം ആദ്മി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഡൽഹിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇൻഡ്യാ (INDIA) സഖ്യത്തിലെ പ്രധാന പാർട്ടികളും യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് തുടങ്ങിയ യുവജന പ്രസ്ഥാനങ്ങളും കടുത്ത പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത്. പ്രക്ഷോഭത്തിന് ഐസ (AISA) ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാർത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും യാതൊരു കാരണവശാലും സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. പശ്ചിമ ബംഗാളിലും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വൻ റാലികളും പ്രതിഷേധ പ്രകടനങ്ങളും നടക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles