മടക്കയാത്രയ്ക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ ദമ്മാമിൽ കുഴഞ്ഞുവീണ് മരിച്ച പ്രവാസി സുരേഷിന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

ദമ്മാം: കാൽനൂറ്റാണ്ടോളം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് കുടുംബത്തോടൊപ്പം കഴിയാനായി നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെ ദമ്മാമിൽ കുഴഞ്ഞുവീണ് മരിച്ച കൊല്ലം വടക്കൻ മൈനാഗപ്പള്ളി സ്വദേശി സുരേഷിന്റെ (51) ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്കരിച്ചു. സെപ്റ്റംബർ 18-നായിരുന്നു സുരേഷ് ദമ്മാമിൽ വച്ച് അപ്രതീക്ഷിതമായി മരണപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി ദമ്മാമിൽ ഒരു മലയാളി തൊഴിലുടമയുടെ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന സുരേഷ്, പിന്നീട് സ്ഥാപനം മാറിയതിനെ തുടർന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനായി എക്സിറ്റ് വിസ നടപടികൾ പൂർത്തിയാക്കിയിരുന്നു.

എന്നാൽ, മുൻ തൊഴിലുടമ പാസ്‌പോർട്ട് തിരികെ നൽകാൻ തയ്യാറാകാതെ കൈവശം വച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. സാമൂഹ്യ പ്രവർത്തകൻ ഷാജഹാൻ കരുനാഗപ്പള്ളി മുഖേന പാസ്‌പോർട്ടിനായി മുൻ തൊഴിലുടമയെ സമീപിച്ചെങ്കിലും കൈവശമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ചില സാമ്പത്തിക ആവശ്യങ്ങൾ ഉന്നയിച്ച് ദമ്മാമിൽ നേരിട്ടെത്താൻ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറയുന്നു. പ്രശ്നപരിഹാരത്തിനായി പലതവണ ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എക്സിറ്റ് കാലാവധി അവസാനിക്കാറായതും പാസ്‌പോർട്ട് ലഭിക്കാത്തതും സുരേഷിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു.

ഒടുവിൽ എക്സിറ്റ് കാലാവധി അവസാനിക്കുന്ന അതേദിവസം തന്നെ സുരേഷ് കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു. മരണശേഷമാണ് മുൻ തൊഴിലുടമ പാസ്‌പോർട്ട് കൈമാറിയതെന്നും കുടുംബം ആരോപിച്ചു. ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെയും സഹായത്തോടെയാണ് സുരേഷിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിച്ച് സംസ്കാരച്ചടങ്ങുകൾ നടത്തിയത്.

മരണത്തിലെ മുഴുവൻ സാഹചര്യങ്ങളും അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അനീതിക്കെതിരെ നീതി ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, നോർക്ക, സംസ്ഥാന സർക്കാർ എന്നിവരുടെ സഹായത്തോടെ മുൻ തൊഴിലുടമയ്ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.

 

Related Articles

- Advertisement -spot_img

Latest Articles