ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രക്ഷോഭം കനക്കുന്നു: 750-ലേറെ പേർ കസ്റ്റഡിയിൽ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അടിയന്തര രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന വൻ പ്രതിഷേധത്തിന് നേരെ പോലീസ് കടുത്ത നടപടികൾ സ്വീകരിക്കുന്നു. വിലക്കുകൾ ലംഘിച്ച് ജന്തർ മന്തറിലേക്ക് എത്തിയ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി. കപിൽ സിബൽ, യോഗേന്ദ്ര യാദവ്, നേഹാ ബോറ, പ്രശാന്ത് ഭൂഷൺ തുടങ്ങിയ പ്രമുഖ നേതാക്കളും അഭിഭാഷകരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേരിട്ട് ജന്തർ മന്തറിലെത്തിയിരുന്നു. ഐസ (AISA), എ.ഐ.എസ്.എഫ് (AISF) പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് ശക്തമായി പ്രതിഷേധിക്കുകയാണ്.

പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധ പ്രകടനമായി എത്തിയ പ്രവർത്തകരെ ജന്തർ മന്തർ റോഡിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ പോലീസ് ബാരിക്കേഡുകൾ ഉയർത്തി തടയുകയായിരുന്നു. പോലീസിന്റെ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുക്കുകയും പോലീസ് ബലം പ്രയോഗിച്ച് പ്രക്ഷോഭകരെ നീക്കുകയും ചെയ്തത്. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകൾ വെച്ച് പൂർണ്ണമായി അടച്ച പോലീസ്, പ്രദേശത്തുനിന്ന് മാത്രം 750-ഓളം പേരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. നിലവിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റും എം.പിയുമായ എ.എ. റഹീം, ജനറൽ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ, എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് എം. സാജി, ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആം ആദ്മി പാർട്ടി നേതാക്കളായ സൗരഭ് ഭരദ്വാജ്, സഞ്ജീവ് ഝാ, അതിഷി, സഞ്ജയ് സിംഗ് തുടങ്ങിയവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പാർലമെന്റിലേക്ക് പോകുന്നത് തടഞ്ഞതിൽ പ്രതിഷേധിച്ച് എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിംഗ് നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പ്രതിഷേധങ്ങൾ ഏകോപിപ്പിച്ച ഐസ നേതാവ് നേഹാ ബോറ, യോഗേന്ദ്ര യാദവ് എന്നിവരെയും പോലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, എം.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും നഗരത്തിൽ റോഡ് ഉപരോധം അടക്കമുള്ള ശക്തമായ സമരങ്ങൾ അരങ്ങേറി. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഷിബു മീരാൻ, എം.എസ്.എഫ് ദേശീയ നേതാവ് അഹമ്മദ് സാജു എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി പോലീസ് പ്രതിഷേധങ്ങൾക്ക് പൂർണ്ണ അനുമതി നിഷേധിച്ചതിനൊപ്പം മധ്യ ഡൽഹിയിലുടനീളം വൻ പോലീസ് സേനയെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിക്കുകയും ഡ്രോണുകൾ ഉപയോഗിച്ച് സുരക്ഷാ നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്. ആളുകൾ ഒത്തുകൂടുന്നത് തടയാനായി ജൻപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, മാണ്ഡി ഹൗസ് അടക്കമുള്ള പ്രധാന മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ജന്തർ മന്തർ, കൊണാട്ട് പ്ലേസ് പരിസരങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles